ലഖ്നോ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. ഏപ്രിൽ 21 മുതൽ 27 വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ റിേപ്പാർട്ട് ചെയ്യുന്ന 10 സംസ്ഥാനങ്ങളിലൊന്നാണ് യു.പി. കഴിഞ്ഞദിവസങ്ങളിൽ 34,000 ത്തിൽ അധികമായിരുന്നു പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം. പോസിറ്റിവിറ്റി നിരക്ക് ശരാശരി 16.7 ശതമാനവും.
യോഗി ആദിത്യനാഥ് സർക്കാറിന്‍റെ കണക്കുകൾ പ്രകാരം ദിവസേന 2.25ലക്ഷം മുതൽ 2.35 ലക്ഷം വരെ പരിശോധനകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യഥാർഥ കണക്കുകളിൽ ഇത് ദേശീയ ശരാശരിയേക്കാൾ താഴെയാെണന്നാണ് വസ്തുത.
കോവിഡ് ബാധ ഏറ്റവും രൂക്ഷമായ രണ്ടു ജില്ലകളിലെ സ്ഥിതി അതീവഗുരുതരമെന്നാണ് വിലയിരുത്തൽ. ഇതിലൊന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭ മണ്ഡലമായ വാരാണസിയും സംസ്ഥാനത്തിന്റെ തലസ്ഥാനമായ ലഖ്നോവും.
അടിയന്തരമായി പരിശോധനകൾ നടത്തേണ്ടതുണ്ടെങ്കിലും അസൗകര്യങ്ങൾ ഇവിടങ്ങളിൽ വിലങ്ങുതടിയാകും. പരിശോധനക്ക് ദിവസങ്ങൾ എടുക്കും. അതിനും ദിവസങ്ങൾക്ക് ശേഷമാണ് ഫലം പുറത്തറിയുക.
ഏപ്രിൽ 27ന് ദേശീയ ശരാശരിയായ 21 ശതമാനത്തിനോട് താരതമ്യം ചെയ്യുേമ്പാൾ വാരാണസിയിലെ പോസിറ്റിവിറ്റി നിരക്ക് 40ശതമാനമാണ്. ഏപ്രിൽ 25ന് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനം കടന്നിരുന്നു ഇവിടെ.
ഏപ്രിൽ 12 മുതൽ ലഖ്നോവിലെ കോവിഡ് പരിശോധനകളുടെ എണ്ണം പുറത്തുവിടുന്നില്ല. ചീഫ് മെഡിക്കൽ ഓഫിസറുടെ നിർദേശ പ്രകാരമാണ് നടപടി. വാരാണസിയിലും ലഖ്നോവിലും പരിശോധന മന്ദഗതിയിലാക്കാൻ ചില സ്വകാര്യ ലാബുകൾക്ക് സർക്കാർ നിർദേശം നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പരിശോധന കിറ്റുകളുടെ ക്ഷാമമാണ് ഇതിന് കാരണമെന്ന് വ്യക്തമാക്കണമെന്നായിരുന്നു വിശദീകരണം.
അതേസമയം ആരോപണം വാരാണസി സി.എം.ഒ ഡോ. എസ്.എസ്. കനോജിയ നിഷേധിച്ചു. പരിശോധനകൾ മന്ദഗതിയിലാണെന്നും പരിശോധനകളുടെ എണ്ണം ഉയർത്താൻ അവർ ശ്രമിക്കുന്നുണ്ടെന്നുമായിരുന്നു വിശദീകരണം.
അതേസമയം ലഖ്നോ സി.എം.ഒ ആരോപണത്തിൽ പ്രതികരിക്കാൻ തയാറായില്ല. സംസ്ഥാനത്ത് 2,25,000 മുതൽ 2,35,000 വരെ പരിശോധനകൾ പ്രതിദിനം നടത്തുന്നുണ്ടെന്നും ഇതിൽ 45 ശതമാനവും ആർ.ടി.പി.സി.ആർ പരിശോധനയിലൂടെയാെണന്നുമായിരുന്നു യു.പി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്ങിന്‍റെ വാദം. ആന്‍റിജൻ പരിശോധനയേക്കാൾ കൃത്യതയുള്ളതാണ് ആർ.ടി.പി.സി.ആർ പരിശോധന. മറ്റിടങ്ങളെ അപേക്ഷിച്ച് വാരാണസിയിൽ വളരെ കുറവ് പരിശോധനകൾ നടക്കുന്നുള്ളുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏപ്രിൽ 20ന് 3782 ആർ.ടി.പി.സി.ആർ പരിശോധനകളും ഏപ്രിൽ 21ന് 4516 പരിശോധനകളുമാണ് നടത്തിയതെന്നാണ് കണക്കുകൾ. ഏപ്രിൽ 22ന് 3782, 23ന് 3690, 24ന് 3860, 25ന് 2323, 26ന് 3067, 27ന് 2817 എന്നിങ്ങനെയാണ് പരിശോധനകളുടെ എണ്ണം.
എന്നാൽ ഇവിടത്തെ പോസിറ്റീവായവരുടെ എണ്ണമാകട്ടെ ഏപ്രിൽ 20ന് 1637, 21ന് 2562, 22ന് 1815, ഏപ്രിൽ 23ന് 1485, 24ന് 2796, 25ന് 2057, 26ന് 1840, 27ന് 1752 എന്നിങ്ങനെയായിരുന്നു.
ജില്ലയിൽ പരിശോധനകളുടെ എണ്ണം വളരെ കുറവാണെന്നും ജീവനക്കാരുടെയും പരിശോധന കിറ്റുകളുടെ അഭാവവുമാണ് ഇതിന് കാരണമെന്നാണ് അധികൃതരുടെ പ്രതികരണം.
ലഖ്നോവിലും സമാന സ്ഥിതിയാണ് നേരിടുന്നത്. ഒരു ലാബ് പ്രതിദിനം 80 മുതൽ 150 പരിശോധനകളാണ് ഇവിടെ നടത്തുന്നത്. അതിൽ തെന്ന സ്വകാര്യ ലാബുകൾ മിക്കതും പരിശോധന നടത്തുന്നില്ലെന്നാണ് വിവരം. ജില്ലയിൽ പരിേശാധനകളുടെ എണ്ണം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.