ഇൻഡ്യ മുന്നണി പ്രതിനിധികൾ തെരഞ്ഞെടുപ്പു കമീഷനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുന്നു

കെജ്രിവാളിന് പിന്തുണയുമായി ഇൻഡ്യ സഖ്യം

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന് പിന്തുണയുമായി ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ രംഗത്തെത്തി. ഇൻഡ്യ സഖ്യത്തി​െന്റ കരുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീതിയിലാഴ്ത്തിയതി​െന്റ തെളിവാണ് കെജ്രിവാളി​െന്റ അറസ്റ്റെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അരവിന്ദ് കെജ്രിവാളി​െന്റ അറസ്റ്റിനെ സി.പി.എം പോളിറ്റ് ബ്യൂറോ അപലപിച്ചു. മോദി സർക്കാറിനോടുള്ള ജനങ്ങളുടെ എതിർപ്പ് വർധിക്കുന്നതിൽ പരിഭ്രാന്തിയിലായ ബി.ജെ.പി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ഇൻഡ്യ സഖ്യത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അറസ്റ്റിലാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കാൻ പ്രതിജ്ഞാബദ്ധരായ മുഴുവൻ പ്രതിപക്ഷ നേതാക്കളെയും ലക്ഷ്യമിടുകയാണ്. അതേസമയം, കൂറുമാറി ബി.ജെ.പിയിൽ എത്തുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്നു. ഡൽഹിയിലും രാജ്യത്തുടനീളവും നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കാളികളാകാൻ പാർട്ടി പ്രവർത്തകരോട് പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു.

പ്രതിപക്ഷത്തെ തളർത്താനുള്ള നരേന്ദ്ര മോദി സർക്കാറി​​​െന്റ ശ്രമമാണ് കെജ്രിവാളി​​െന്റ അറസ്റ്റിൽ പ്രതിഫലിക്കുന്നതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. കോൺഗ്രസി​െന്റ അക്കൗണ്ടുകൾ മരവിപ്പിച്ചതുവഴി സാമ്പത്തിക ഭീകരതയാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ ബി.ജെ.പി സർക്കാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുകയാണെന്ന് സി.പി.എം നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു. നിയമരാഹിത്യമാണ് ഇവിടെ നടമാടുന്നത്. ആസന്നമായ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള രാഷ്ട്രീയക്കളിയാണ് ഇത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ആം ആദ്മി പാർട്ടിക്കൊപ്പം പ്രതിഷേധത്തിൽ പങ്കുചേരുന്നതായും അറസ്റ്റ് ചെയ്ത നടപടി പിൻവലിക്കണമെന്നും അവർ പറഞ്ഞു.

നേതാക്കളെ ജയിലിലടക്കാൻ സാധിക്കുമെങ്കിലും ജനങ്ങളെ ജയിലിലാക്കാൻ സാധിക്കില്ലെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ജനങ്ങൾ ബി.ജെ.പിയെ പാഠം പഠിപ്പിക്കും. വ്യാജ കേസുകളെടുക്കുന്നതിൽ ബി.ജെ.പിക്ക് ബ്രഹ്മാണ്ഡ റെക്കോഡാണുള്ളത്. ജനാധിപത്യത്തെ ദുർബലമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെജ്രിവാളി​​െന്റ അറസ്റ്റ് ജനാധിപത്യത്തിന് കളങ്കമാണെന്ന് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ല പറഞ്ഞു. ഭരണകക്ഷിയുടെ പരിഭ്രാന്തിയാണ് ഇത് വ്യക്തമാക്കുന്നത്. തന്റെ പാർട്ടി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണുള്ളതെന്ന് ആപ് ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കെട്ടിച്ചമച്ച കേസിലാണ് കെജ്രിവാളി​​െൻറ അറസ്റ്റ്. ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ട്. അൽപം താമസമുണ്ടായാലും നീതി നടപ്പാകുമെന്നും സത്യം പുലരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആം ആദ്മി പാർട്ടി കെജ്രിവാളിനു പിന്നിൽ പാറപോലെ ഉറച്ചുനിൽക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‍വന്ത് മൻ പറഞ്ഞു. കെജ്രിവാളി​െന്റ കുടുംബത്തെ അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. കെജ്രിവാൾ ദേശസ്നേഹിയാണെന്നും കൂടുതൽ കരുത്തുറ്റ നേതാവായി തിരിച്ചുവരുമെന്നും മൻ കൂട്ടിച്ചേർത്തു. ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.  

Tags:    
News Summary - India alliance in support of arvind kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.