മുംബൈ: ഇൻഡ്യ മുന്നണിയിൽ അസ്വാരസ്യം രൂക്ഷമെന്ന റിപ്പോർട്ടുകൾക്കിടെ, സഖ്യം രൂപവത്കരിച്ചത് ദേശീയ തെരഞ്ഞെടുപ്പുകൾക്ക് വേണ്ടി മാത്രമാണെന്ന പ്രതികരണവുമായി എൻ.സി.പി നേതാവ് ശരദ് പവാർ രംഗത്ത്. ഇൻഡ്യ സഖ്യത്തിന്റെ ഒരു യോഗത്തിലും സംസ്ഥാന തെരഞ്ഞെടുപ്പുകളോ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പകളോ ചർച്ചയായിട്ടില്ല. അവിടെ പാർട്ടി നിലപാട് വ്യത്യസ്തമാകും. എല്ലാവരുമായി യോഗം ചേർന്ന് അടുത്ത പത്ത് ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ശരദ് പവാർ വ്യക്തമാക്കി.
ഡൽഹിയിൽ പരസ്പരം ഏറ്റുമുട്ടുന്ന കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും പവാർ ആശംസകൾ നേർന്നു. ഡൽഹി കെജ്രിവാളിന്റെ തട്ടകമാണ്. രണ്ട് തവണ അദ്ദേഹത്തിന്റെ പാർട്ടിക്ക് അവിടെ അധികാരത്തിൽ വരാനായി. ജനത്തെ വിശ്വാസത്തിലെടുക്കാൻ നല്ല കാര്യങ്ങൾ ചെയ്യണമെന്നും പവാർ പറഞ്ഞു. നേരത്തെ ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്തും സമാനമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാണ് മഹാവികാസ് അഘാഡി രൂപവത്കരിച്ചതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്നുമായിരുന്നു റാവത്തിന്റെ പ്രതികരണം. ഡൽഹിയിൽ ആംആദ്മി പാർട്ടിക്കും കോൺഗ്രസിനും ശക്തമായ സാന്നിധ്യമാണുള്ളതെന്നും റാവത്ത് വ്യക്തമാക്കിയിരുന്നു.
“ഡൽഹിയിൽ തങ്ങൾ വൻ ശക്തികളാണെന്ന് കോൺഗ്രസും എ.എ.പിയും കരുതുന്നു. മഹാരാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകരാണ് മത്സരിക്കുന്നത്. അതിന് ഒരു സഖ്യം രൂപവത്കരിക്കുക എന്നത് ബുദ്ധിമുട്ടാണ്. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ സഖ്യത്തിന്റെ ഭാഗമായിരിക്കും. മുന്നണിയിലെ വലിയ പാർട്ടിയെന്ന നിലയിൽ ഞങ്ങളെ ഒപ്പം നിർത്തേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്” -റാവത്ത് പറഞ്ഞു.
നേരത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും കോൺഗ്രസിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വത്തിന് കൃത്യമായ ധാരണയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പാർലമെന്റ് തെരഞ്ഞെടുപ്പിന് മാത്രമാണ് സഖ്യമെങ്കിൽ വെവ്വേറെ പ്രവർത്തിക്കാമെന്നും ഉമർ അബ്ദുല്ല പറഞ്ഞു. ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ സമ്മതിക്കുകയാണെങ്കിൽ നേതൃത്വം ഏറ്റെടുക്കാൻ തയാറാണെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.