ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ വഖഫ് ബില്ലിനെ ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പാർലമെന്റ് മന്ദിരത്തിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചു. പാർലമെന്റ് ബജറ്റ് സമ്മേളനം തുടങ്ങിയത് തൊട്ട് ഭിന്നിച്ചുനിന്നിരുന്ന ഇൻഡ്യ സഖ്യത്തിലെ ഘടക കക്ഷികളെയെല്ലാം വഖഫ് ബിൽ വീണ്ടും ഒന്നിപ്പിക്കുന്നത് ഖാർഗെ വിളിച്ചു ചേർത്ത യോഗം കണ്ടു.
പാർലമെന്റ് മന്ദിരത്തിൽ ചേർന്ന രാജ്യസഭയിലെയും ലോക്സഭയിലെയും പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വഖഫ് ബില്ലിൽ വിശദമായ ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഇരുവരെയും കൂടാതെ വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളായ കെ.സി വേണുഗോപാൽ, ഗൗരവ് ഗോഗോയ്, പ്രമോദ് തിവാരി, കൊടിക്കുന്നിൽ സുരേഷ്(കോൺഗ്രസ്) ടി.ആർ ബാലു, കനിമൊഴി, തിരുച്ചി ശിവ(ഡി.എം.കെ), ഫൗസിയ ഖാൻ(എൻ.സി.പി), സഞ്ജയ് സിങ്ങ് (ആം ആദ്മി പാർട്ടി) കല്യാൺ ബാനർജി, നദീമുൽഹഖ്(തൃണമുൽ കോൺഗ്രസ്) പ്രിയങ്ക ചതുർവേദി(ശിവസേന ഉദ്ധവ് വിഭാഗം) മനോജ് ഝാ (ആർ.ജെ.ഡി) വൈക്കോ(എം.ഡി.എം.കെ) ജോസ് കെ. മാണി (കേരള കോൺഗ്രസ്-എം), ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്)ജോൺ ബ്രിട്ടാസ് (സി.പി.എം), എൻ.കെ പ്രേമചന്ദ്രൻ(ആർ.എസ്.പി), സന്തോഷ് കുമാർ(സി.പി.ഐ) രാം ഗോപാൽ യാദവ് (എസ്.പി)ജാവേദ് അലി ഖാൻ, ഇ.ടി മുഹമ്മദ് ബശീർ പി.വി അബ്ദുൽ വഹാബ്(മുസ്‍ലിം ലീഗ്) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കോൺഗ്രസ് ലോക്സഭ എം.പിമാർക്ക് വിപ്പ് നൽകി. അടുത്ത മൂന്നു ദിവസം സഭയിൽ ഉണ്ടാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുക്കണമെന്ന് സി.പി.എം എംപിമാർക്ക് നിർദേശം നൽകി. അതിനുശേഷം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ മതിയെന്നും നേതൃത്വം അറിയിച്ചു. മധുരയിലെത്തിയ സി.പി.എം എം.പിമാർ ഡൽഹിയിലേക്ക് തിരിച്ചു. ബില്ലിനെ എതിർത്ത് വോട്ട് ചെയ്യണമെന്നും പാർട്ടി നിർദേശം നൽകി.
സി.പി.എമ്മിന്റെ 24ാമത് പാർട്ടി കോൺഗ്രസിന് നാളെ മധുരയിലാണ് തുടക്കമാകുന്നത്. ബജറ്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കെയാണ് നിർണായകമായ തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നത്.
ഈ സമ്മേളന കാലയളവിൽ തന്നെ വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രിമാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ കാര്യ നിർവാഹക സമിതിയുടെ യോഗമാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.