ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയ്ക്ക് സംസ്ഥാന പദവി നൽകുമെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. കോൺഗ്രസ് സ്ഥാനാർഥിയും പുതുച്ചേരി എം.പിയുമായ വി വൈത്തിലിംഗത്തിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൻ്റെ കൈയിലെ കളിപ്പാവയാണ് പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി. തമിഴ്നാട് പോലുള്ള വലിയ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ മാത്രമല്ല, പുതുച്ചേരി പോലുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. കേന്ദ്രത്തിലെ ബി.ജെ.പിയുടെ ഭരണത്തിൽ പുതുച്ചേരിക്ക് ഒരു നേട്ടവുമുണ്ടായിട്ടില്ലെന്നും സ്റ്റാലിൻ പറഞ്ഞു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയെ മികച്ചതാക്കും എന്ന വാഗ്ദാനം മോദി ഇതുവരെ നിറവേറ്റിയിട്ടില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
പുതുച്ചേരിയിലെ സുരക്ഷയുടെ കാര്യത്തിലും മോദി ഒന്നും ചെയ്യുന്നില്ലെന്ന് അടുത്തിടെ ഒൻപതുവയസുകാരി പീഡനത്തിനിരയായ സംഭവം ചൂണ്ടിക്കാട്ടി സ്റ്റാലിൻ പറഞ്ഞു. ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ പുതുച്ചേരിയിലെ പ്രവർത്തനരഹിതമായ എല്ലാ സംരംഭങ്ങളും പുനരാരംഭിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.