ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങളിൽ കരുതലോടെ മാത്രം പ്രതികരിച്ച് ഇന്ത്യ. ചൈനയും പാകിസ്താനും താലിബാന് പിന്തുണ പ്രഖ്യാപിച്ചതിനിടയിൽ, താലിബാനോടുള്ള സമീപനം ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചത്. അഫ്ഗാൻ വിടാൻ താൽപര്യപ്പെടുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സൗകര്യം ചെയ്യും. അതിനൊപ്പം അവിടത്തെ വികസന, വിദ്യാഭ്യാസ, ജനബന്ധ സംരംഭങ്ങളിൽ നമ്മുടെ പങ്കാളികളായ അഫ്ഗാൻകാർക്കൊപ്പം ഇന്ത്യ നിലകൊള്ളും. അഫ്ഗാനിലെ സിഖ്, ഹിന്ദു സമുദായ പ്രതിനിധികളുമായി സമ്പർക്കം പുലർത്തി വരുന്നുണ്ടെന്നും മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
കാബൂൾ വിമാനത്താവളത്തിലെ പതിവു സർവിസുകളെല്ലാം നിലച്ചിരിക്കുകയാണ്. അതുകൊണ്ട് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നിർത്തിവെക്കാൻ സർക്കാർ നിർബന്ധിതമായി. വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിന് കാത്തിരിക്കുകയാണ്. ഇന്ത്യക്കാരുടെയും അഫ്ഗാനിലെ ഇന്ത്യൻ താൽപര്യങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തും. അവിടത്തെ ഇന്ത്യക്കാർ ഏറ്റവും വേഗം നാട്ടിലേക്ക് മടങ്ങണമെന്ന് ദിവസങ്ങൾക്കു മുേമ്പ നിർദേശം നൽകിയിരുന്നുവെന്നും മന്ത്രാലയ വക്താവ് വിശദീകരിച്ചു.
താലിബാനോടുള്ള നിലപാടിനെക്കുറിച്ച് ഈ ഔദ്യോഗിക പ്രസ്താവന മൗനം പാലിച്ചു. അതേസമയം, ഏറെ ഗൗരവത്തോടെയാണ് അഫ്ഗാൻ സാഹചര്യങ്ങൾ ഭരണനേതൃത്വം കാണുന്നത്. കാബിനറ്റ് സെക്രേട്ടറിയറ്റും ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളും സ്ഥിതി നിരന്തരം അവലോകനം ചെയ്യുന്നുണ്ട്. അമേരിക്കയുടെ താൽപര്യങ്ങൾക്കുകൂടി അനുസൃതമായ നിലപാടാണ് ഇന്ത്യ അഫ്ഗാൻ കാര്യത്തിൽ സ്വീകരിച്ചുപോന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ അവിടത്തെ ഇന്ത്യക്കാരും ഇന്ത്യയോട് ചേർന്നുനിന്നു പ്രവർത്തിച്ചവരും നോട്ടപ്പുള്ളികളായി മാറാമെന്ന ആശങ്ക ഉന്നത തലത്തിലുണ്ട്.
ഇന്ത്യയിലെത്താൻ താൽപര്യപ്പെടുന്നവർക്ക് ഏറ്റവും വേഗം അതിനുള്ള ക്രമീകരണം ചെയ്യാനാണ് സർക്കാർ ഈ ഘട്ടത്തിൽ ശ്രദ്ധിക്കുന്നത്. എന്നാൽ, അഫ്ഗാനിൽനിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന അഫ്ഗാൻകാരെ മുൻകാലങ്ങളിൽ സ്വാഗതം ചെയ്ത സമീപനം ഇത്തവണ ഉണ്ടാകുമോ എന്ന് വ്യക്തമാകാനുണ്ട്. താലിബാനെ ഒറ്റയടിക്ക് തള്ളാനും കൊള്ളാനും ഇന്ത്യക്ക് പ്രയാസമുണ്ട്. താലിബാനെ തള്ളി, അമേരിക്കൻ താൽപര്യപ്രകാരം ഉണ്ടായ സർക്കാറുകളെ പിന്തുണക്കുകയും അമേരിക്കൻ താൽപര്യങ്ങൾക്ക് അനുസൃതമായ വികസന, ജനാധിപത്യ പ്രവർത്തനങ്ങളെ സഹായിക്കുകയുമാണ് ഇന്ത്യ ചെയ്തുപോന്നത്. എന്നാൽ, താലിബാൻ അഫ്ഗാനിലെ പുതിയ ഭരണകൂടമായി മാറിയിരിക്കേ, താലിബാനുമായി ബന്ധം സഥാപിക്കാതെ പറ്റില്ല. എന്നാൽ, താലിബാനെ അംഗീകരിക്കുന്നത് ആഗോളതലത്തിൽ അവർക്ക് സ്വീകാര്യത നൽകുന്നതിന് തുല്യമായി മാറുമെന്നും സർക്കാർ കരുതുന്നു. താലിബാൻ ഭരണകൂടത്തിനെതിരായ ഉപരോധത്തിെൻറയും മറ്റും കാര്യത്തിൽ യു.എൻ രക്ഷസമിതിയിൽ ഇന്ത്യക്ക് നിർണായക നിലപാട് സ്വീകരിക്കേണ്ടി വരും. ഈ സാഹചര്യങ്ങൾക്കിടയിലാണ് മൗനത്തിെൻറ കാലയളവ് സർക്കാർ നീട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.