ന്യൂഡൽഹി: അഞ്ച് ദിവസത്തെ സന്ദർശനത്തിന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ഇന്ത്യയിലെത്തിയതിന് പിന്നാലെ ഒരു ദശകത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു. ന്യൂഡൽഹി ഹൈദരാബാദ് ഹൗസിൽ ഉഭയകക്ഷി സംഭാഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ആദ്യവട്ട വ്യാപാര ചർച്ച അടുത്തമാസം തുടങ്ങാൻ തീരുമാനിച്ചു. പ്രതിരോധത്തിനും സുരക്ഷക്കുമുള്ള ഉടമ്പടിയിൽ ഒപ്പുവെച്ച ഇരുരാജ്യങ്ങളും ഭീകരതക്കെതിരെ ഒന്നായി പ്രവർത്തിക്കാനും തീരുമാനിച്ചു.
ഖലിസ്താൻ ഭീകരവാദികൾക്കെതിരായ നടപടിയും ഇന്ത്യ -ന്യൂസിലൻഡ് നേതാക്കൾ ചർച്ച ചെയ്തതായി കേന്ദ്ര വിദേശ സെക്രട്ടറി (ഈസ്റ്റ്) ജയ്ദീപ് മജുംദാർ പറഞ്ഞു. ഖലിസ്താൻ വാദികൾ ന്യൂസിലൻഡിൽ നടത്തുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ ചർച്ചയിൽ വന്നുവെന്ന് മജുംദാർ തുടർന്നു. ന്യൂസിലൻഡിലെ അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും അവർ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെയും പാർലമെന്റിനെയും ഇന്ത്യയിലെ ചടങ്ങുകളെയും ആക്രമിക്കുമെന്ന് ഖലിസ്താൻ വാദികൾ ഭീഷണിപ്പെടുത്തുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.
പ്രതിരോധ, സുരക്ഷ സ്ഥാപനങ്ങളെ പരസ്പരം ശക്തിപ്പെടുത്താൻ തീരുമാനിച്ച ഇരുരാജ്യങ്ങളും പ്രതിരോധ വ്യവസായമേഖലയിൽ സഹകരണത്തിനുള്ള റോഡ്മാപ് തയാറാക്കിയെന്നും പ്രധാനമന്ത്രി മോദി പ്രസ്താവനയിൽ പറഞ്ഞു. 2019 മാർച്ച് 15ലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണമായാലും നവംബർ 26ലെ മുംബൈ ഭീകരാക്രമണമായാലും ഭീകരതക്കെതിരെ ഇരുരാജ്യങ്ങളും ഏകകണ്ഠമാണ്. ഭീകര, വിഘടന, തീവ്രവാദ ശക്തികൾക്കെതിരെ ഇരുകൂട്ടരും സഹകരണം തുടരുമെന്നും ന്യൂസിലൻഡിലെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ധരിപ്പിച്ചെന്നും മോദി വ്യക്തമാക്കി. 10 വർഷത്തിനകം ന്യൂസിലൻഡിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി ഇരട്ടിയാക്കുമെന്ന് ലക്സൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.