നിങ്ങളുടെ ‘ചുപ് രഹോ റിപബ്ലിക്കി’ൽ ചോദ്യങ്ങളുമായി ഞങ്ങളുണ്ട് -ആഞ്ഞടിച്ച് മഹുവ മൊയ്ത്ര

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃണ​മൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ആരെയും വാ തുറക്കാൻ അനുവദിക്കാത്ത നിങ്ങളുടെ ‘ചുപ് രഹോ റിപബ്ലിക്കി’ൽ ചോദ്യങ്ങൾ ചോദിക്കാൻ തങ്ങളുണ്ടെന്ന് പറഞ്ഞ മൊയ്ത്ര, ഇത് സർക്കാറിനെതിരായ അവിശ്വാസ പ്രമേയം മാത്രമല്ല, ഇൻഡ്യയെ കുറിച്ചുള്ള ആത്മവിശ്വാസ പ്രമേയം കൂടിയാണെന്ന് വ്യക്തമാക്കി.

‘നിങ്ങളുടെ ‘മിണ്ടാതിരിക്കൂ റിപബ്ലിക്കി’ൽ (തും അഭീ ചുപ് രഹോ റിപബ്ലിക്) ചോദ്യങ്ങൾ ചോദിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഗവർണറോട് 'ചുപ് രഹോ' (മിണ്ടാതിരിക്കൂ) പറയുന്നു, ഈ സഭയിലെ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരായ ഞങ്ങളോട് പതിവായി 'ചുപ് രഹോ' എന്ന് പറയുന്നു. മണിപ്പൂരിലെ ഭരണകൂട നിശ്ശബ്ദത തകർക്കാനാണ് ഈ പ്രമേയം” -അവർ പറഞ്ഞു.

“അവിശ്വാസ പ്രമേയം അവതരിപ്പിച്ചിട്ടും ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇന്നലെയും മിനിഞ്ഞാന്നും സഭയിൽ വന്നില്ല... ‘അദ്ദേഹം നിങ്ങൾ പറയുന്നത് കേൾക്കില്ല, അവസാന ദിവസം വന്ന് നിങ്ങളെ തകർക്കും’ എന്നാണ് പറയുന്നത്. ശരി, ഞങ്ങൾ കാത്തിരിക്കുകയാണ്. മണിപ്പൂർ കലാപത്തെ കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി ഈ സഭയിലേക്ക് വരാനും, കലാപബാധിതരായ ആളുകളെ ആശ്വസിപ്പിക്കാൻ മണിപ്പൂരിലേക്ക് പോകാനും വിസമ്മതിക്കുന്നതിലും ദൗർഭാഗ്യകരമായ കാര്യം വേറെ എന്താണുള്ളത്?’ -അവർ ചോദിച്ചു.

“അന്നന്നത്തെ സർക്കാരിനെ താഴെയിറക്കാനാണ് മിക്ക അവിശ്വാസ പ്രമേയങ്ങളും അവതരിപ്പിക്കാറുള്ളത്. എന്നാൽ, ഇ​പ്പോൾ ഞങ്ങൾ എണ്ണത്തിൽ കുറവായതിനാൽ അതിന് വിദൂര സാധ്യത പോലുമല്ലെന്ന് ഞങ്ങൾക്കറിയാം. സഖ്യകക്ഷികളും ബിജെഡിയും വൈഎസ്ആർസിപിയും അടക്കം ട്രഷറി ബെഞ്ചിലെ ഞങ്ങളുടെ സുഹൃത്തുക്കളിൽ പലരും നിങ്ങൾക്ക് സർക്കാരിനെ താഴെയിറക്കാൻ കഴിയില്ല, അത് പരാജയപ്പെടുമെന്ന് പറഞ്ഞ് ഞങ്ങളെ പരിഹസിച്ചു. എന്നാൽ, ഈ സർക്കാർ ആറടി താഴ്ചയിൽ കുഴിച്ചുമൂടിയ ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളായ സമത്വത്തെയും മതേതരത്വത്തെ പുനരുജ്ജീവിപ്പിക്കാനാണ് ഇൻഡ്യ എന്ന നിലയിൽ നമ്മൾ ഈ പ്രമേയം കൊണ്ടുവന്നത്. അങ്ങേയറ്റത്തെ രാജ്യദ്രോഹമായി നിങ്ങൾ മുദ്രകുത്തുന്ന ജനാധിപത്യ ചട്ടക്കൂടിൽ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം പുനരുജ്ജീവിപ്പിക്കാനാണ് ഈ പ്രമേയം. 'ഞങ്ങൾ' എന്നും 'അവർ' എന്നും വിഭജിക്കാൻ നിങ്ങളുടെ ഗവൺമെന്റ് നിർബന്ധിക്കുന്ന ഒരു സംസ്ഥാനത്ത് നാനാത്വത്തിൽ ഏക​ത്വത്തോടെജീവിക്കാനുള്ള ആളുകളുടെ അവകാശം പുനരുജ്ജീവിപ്പിക്കാനാണ് ഈ പ്രമേയം’ -മൊയ്ത്ര പറഞ്ഞു.

മണിപ്പൂരിൽ മൂന്ന് മാസം നീണ്ടുനിന്ന കലാപത്തിൽ 6,500 എഫ്‌.ഐ.ആറുകൾ, 4,000 വീടുകൾ നശിപ്പിക്കപ്പെട്ടു, 60,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു, 150 ആളുകൾ മരിച്ചു, 300 ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. ഏതെങ്കിലും യുദ്ധകാലത്തോ പ്രകൃതി ദുരന്ത സമയത്തോ അല്ലാതെ ഏത് സംസ്ഥാനമാണ് ഇത്തര​മൊരു ദുരന്തം കണ്ടത്? മണിപ്പൂരിൽ സംസ്ഥാന പൊലീസും അസം റൈഫിൾസും തമ്മിലുള്ള പോരാട്ടം വിഡിയോയിൽ കണ്ടു. 5,000 തോക്കുകളും ആറ് ലക്ഷം വെടിയുണ്ടകളും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ആൾക്കൂട്ടം കൊള്ളയടിച്ചു. ആയുധങ്ങളുമായി രണ്ട് വംശീയ വിഭാഗങ്ങൾ സംഘടിച്ചതോടെ ഗോത്രവർഗക്കാർക്ക് താഴ്‌വരയിലും താഴ്‌വരയിലുള്ളവർക്ക് മലമുകളിലും പോകാൻ കഴിയാത്ത ബഫർ സോണായി മണിപ്പൂർ മാറി. ഏത് സംസ്ഥാനമാണ് ഇത്തരമൊരു അവസ്ഥയെ ഇതുവരെ അഭിമുഖീകരിച്ചത്?’’ -അവർ ചോദിച്ചു.

Tags:    
News Summary - ‘India now tum abhi chup raho republic’, Mahua Moitra attacks PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.