ന്യൂഡൽഹി: മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനവുമായി വിവാദ ഹിന്ദുത്വ സന്യാസി ബജ്‌റങ് മുനി. മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാതെ ഹിന്ദുരാഷ്ട്രം യാഥാർഥ്യമാകില്ലെന്ന് ബജ്‌റങ് പറഞ്ഞു. മുസ്‌ലിം വിദ്വേഷ പ്രസംഗങ്ങളിലൂടെ ഏറെ കോളിളക്കം സൃഷ്ടിച്ചയാളാണ് ബജ്‌റങ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുതിയ വിഡിയോയിലാണ് വംശഹത്യയ്ക്ക് ആഹ്വാനവുമായി ഇയാൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'ഭാരതം മുൻപ് ഹിന്ദു രാഷ്ട്രമായിരുന്നു. എന്നാൽ, മുസ്‌ലിംകൾ ഇന്ത്യ ഭരിച്ചപ്പോൾ സ്വീകരിച്ച അതേ രീതി തന്നെ ഹിന്ദുരാഷ്ട്രം യാഥാർത്ഥ്യമാക്കാൻ ഹിന്ദുക്കളും പിന്തുടരണം. മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യുന്നതുവരെ ഹിന്ദുരാഷ്ട്രം സാധ്യമാകില്ല. ഹിന്ദുവിനെ ഉണർത്തിയാലും ആഹ്വാനം ചെയ്താലുമൊന്നും ഹിന്ദുരാഷ്ട്രമുണ്ടാകില്ല'-വിഡിയോയിൽ ബജ്‌റങ് പറയുന്നു.
ഖൈറാബാദിലെ മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദാസീൻ ആശ്രമത്തിന്റെ തലവനാണ് ബജ്‌റങ്. പുതിയ വിഡിയോ പുറത്തുവന്നതോടെ ബജ്‌റങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക ആവശ്യമുയരുന്നുണ്ട്. മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്ത കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.
2022 ഏപ്രിൽ രണ്ടിനായിരുന്നു വിവാദ പരാമർശം. സിതാപൂർ ജില്ലയിലെ ഒരു മുസ്‌ലിം പള്ളിക്ക് പുറത്ത് ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്തായിരുന്നു ഇയാളുടെ വിദ്വേഷ പ്രസംഗം. ഏതെങ്കിലും മുസ്ലിം യുവാവ് ഒരു ഹിന്ദു പെൺകുട്ടിയെ ശല്യപ്പെടുത്തിയാൽ അവന്റെ അമ്മ പെങ്ങന്മാർ അടക്കമുള്ള എല്ലാ മുസ്ലിം സ്ത്രീകളെയും ബലാത്സംഗം ചെയ്യണമെന്നായിരുന്നു ബജ്റങ്ങിൻരെ ആഹ്വാനം. തടയാൻ ധൈര്യമുള്ളവർ വരട്ടെയെന്നും ഇയാൾ വെല്ലുവിളിച്ചു. ഇത് കേട്ട് ചുറ്റും കേട്ടുനിന്നവർ കയ്യടിക്കുന്നതും വിഡിയോയിൽ കാണാം.
സംഭവത്തിന് പിന്നാലെ പ്രസ്താവനകളിൽ ക്ഷമാപണം നടത്തിക്കൊണ്ടുള്ള ബജ്റങ്ങിനെതിരെ വിഡിയോയും സമൂഹമാധ്യമങ്ങൾ പങ്കുവെച്ചിരുന്നു. യു.പിയിലെ സിതാപൂർ, പ്രതാപ്ഗഢ്, മഹാരാഷ്ട്രയിലെ നാസിക്ക് എന്നിവിടങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നേരത്തെ തന്നെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.