ramdas athawale

ഇനിയൊരു വ്യക്തിയുടെ ഫോട്ടോ നോട്ടുകളിൽ വരികയാണെങ്കിൽ അത് അംബേദ്കറുടേതാവണം -കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ കറൻസി നോട്ടുകളിൽ അംബേദ്കറുടെ ചിത്രം വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്താവാലെ) അധ്യക്ഷനുമായ രാംദാസ് അത്താവാലെ. നോട്ടുകളിൽ ലക്ഷ്മിദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന ഡൽഹി മുഖ്യമന്ത്രിയും ആം​ആ​ദ്മി പാ​ർ​ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കറൻസി നോട്ടുകളിലും ഇതിനകം മഹാത്മ ഗാന്ധിയുടെ ഫോട്ടോയുണ്ട്. എന്നാൽ, ഒരു വ്യക്തിയുടെ ഫോട്ടോ കറൻസിയിൽ കൊണ്ടുവരണമെങ്കിൽ അത് ബാബാസാഹേബ് അംബേദ്കറുടെ ഫോട്ടോയായിരിക്കണം. ഈ ആവശ്യം ദലിത് സമൂഹം വളരെക്കാലമായി ഉന്നയിക്കുന്നതാണെന്നും അത്താവാലെ വ്യക്തമാക്കി.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാഷ്ട്രീയം കളിക്കുന്നതിനൊപ്പം നോട്ടിനെയും വോട്ടിനെയും കുറിച്ച് സംസാരിക്കുകയാണ്. ഇന്ത്യൻ കറൻസിയിൽ ലക്ഷ്മിദേവിയുടെയും ഗണേശ് ഭഗവാന്‍റെയും ചിത്രങ്ങൾ ഉണ്ടായിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. വാചാടോപം മാത്രമായി സ്വയം വഞ്ചിക്കുന്ന ജോലിയാണ് കെജ്രിവാൾ ചെയ്യുന്നതെന്നും അത്താവാലെ കുറ്റപ്പെടുത്തി.

കെജ്‌രിവാൾ ഹിന്ദു കാർഡ് ഇറക്കി കളിക്കുകയാണ്. നേരത്തെ, ഹിന്ദുത്വ വിഷയത്തിൽ ബി.ജെ.പിയെ കടന്നാക്രമിച്ച അദ്ദേഹം ഇപ്പോൾ ഹിന്ദുമത കാർഡ് കളിക്കുകയാണ്. ലക്ഷ്മിദേവിയുടെയും ഗണേശ് ഭഗവാന്‍റെയും ഫോട്ടോ വേണമെന്ന കെജ്‌രിവാളിന്റെ ആവശ്യത്തിൽ വസ്തുതയില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കും കോൺഗ്രസ് പാർട്ടിക്കും വൻ തിരിച്ചടിയാണ് നരേന്ദ്ര മോദി നൽകുകയെന്നും അത്താവാലെ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ദലിത് പ്രധാനമന്ത്രിയാകണമെന്ന ബി.എസ്.പി അധ്യക്ഷ മായാവതിയുടെ അഭിപ്രായത്തോടും അത്താവാലെ യോജിച്ചു. ഭാവിയിൽ ഒരു ദലിത് പ്രധാനമന്ത്രിയായാൽ നല്ലതാണ്. എന്നാൽ, നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഒ.ബി.സി നേതാവാണെന്നും അദ്ദേഹം രാജ്യത്തിന് നല്ലവനാണെന്നും അത്താവാലെ കൂട്ടിച്ചേർത്തു. 

സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനും ഡോളറിനെതിരായ രൂപയുടെ മൂല്യം പിടിച്ചു നിർത്താനും ഇന്ത്യൻ കറൻസി നോട്ടുകളിൽ ലക്ഷ്മിദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ വിവാദ പരാമർശം.

കറൻസി നോട്ട് പരിഷ്കരണമെന്ന കെജ്രിവാളിന്റെ നിർദേശത്തിനെതിരെ വ്യാപക വിമർശനവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഹിന്ദുത്വ വിരുദ്ധ നയമുള്ള എ.എ.പിയിൽ നിന്നും താറുമാറായ സർക്കാരിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള പുതിയ അടവുമായാണ് കെജ്രിവാൾ എത്തിയിരിക്കുന്നത് എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമർശനം.

Tags:    
News Summary - Indian currency notes should carry picture of Ambedkar: Ramdas Athawale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.