ന്യൂഡൽഹി: രാജ്യത്തെ അഞ്ച് പ്രമുഖ ഐ.ടി കമ്പനികൾ 96,000 ജീവനക്കാരെ പുതുതായി നിയമിക്കാൻ ഒരുങ്ങുന്നുവെന്ന് കമ്പനികളുടെ സംഘടനയായ നാസ്കോം. ഓട്ടോമേഷൻ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാകുന്നതോടെ ഇന്ത്യയിലെ 30 ലക്ഷം ഐ.ടി, അനുബന്ധ തൊഴിലുകൾ ഇല്ലാതാകുമെന്ന ബാങ്ക് ഓഫ് അമേരിക്കയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നാസ്കോമിെൻറ വിശദീകരണം.
ഓട്ടോമേഷൻ സംവിധാനങ്ങൾ വർധിക്കുന്നതോടെ ഐ.ടി ജോലികളുടെ സ്വഭാവം മാറും. പരമ്പരാഗതമായ ഐ.ടി ജോലിക്ക് പകരം കൂടുതൽ സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള തൊഴിലുകൾ വരുമെന്ന് നാസ്കോം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പുതിയ ജീവനക്കാരെ ജോലിക്കെടുക്കുന്നത് ഐ.ടി കമ്പനികൾ തുടരും. 2021-22 വർഷത്തിൽ 96,000 ജീവനക്കാരെ നിയമിക്കാനാണ് ഇന്ത്യയിലെ അഞ്ച് പ്രമുഖ ഐ.ടി കമ്പനികളുടെ പദ്ധതിയെന്നും നാസ്കോം വ്യക്തമാക്കി.
250,000 ജീവനക്കാരുടെ ഡിജിറ്റൽ സ്കിൽ ഉയർത്തും. ഡിജിറ്റൽ മേഖലയിൽ സാങ്കേതിക പരിജ്ഞാനം നേടിയ 40,000ത്തോളം ഉദ്യോഗാർഥികളെ പുതുതായി നിയമിക്കും. 2025ഓടെ ഇന്ത്യൻ ഐ.ടി വ്യവസായത്തിന് 350 ബില്യൺ ഡോളർ വരുമാനമെന്ന നേട്ടം കൈവരിക്കാനാകുമെന്ന് നാസ്കോം അറിയിച്ചു. ഓട്ടോമേഷൻ ആവശ്യമുള്ള ബിസിനസ് പ്രൊസസ് മാനേജ്മെൻറ് സെക്ടറിൽ 1.4 മില്യൺ ആളുകളാണ് ജോലി ചെയ്യുന്നതെന്നും ബാങ്ക് ഓഫ് അമേരിക്കയുടെ റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം 9 മില്യൺ ജീവനക്കാർ ഇല്ലെന്നും നാസ്കോം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.