മുംബൈ: പരിക്കേറ്റ പാകിസ്താൻ പൗരന് വൈദ്യസഹായം നൽകി ഇന്ത്യൻ നാവികസേന. ഇറാനിയൻ പായ്ക്കപ്പലിലെ പാകിസ്താൻ തൊഴിലാളിക്കാണ് നാവികസേന രക്ഷയായത്. വെള്ളിയാഴ്ച ഒമാനിൽനിന്ന് 350 നോട്ടിക്കൽ മൈൽ കിഴക്കാണ് സംഭവം. അൽ ഒമീദിയ എന്ന പായ്ക്കപ്പലിലെ പാകിസ്താൻ പൗരന് എൻജിൻ പ്രവർത്തിപ്പിക്കുന്നതിനിടെ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
അപായ സന്ദേശം ലഭിച്ചയുടൻ, മധ്യ അറബിക്കടലിൽ ദൗത്യത്തിന്‍റെ ഭാഗമായി പുറപ്പെട്ട നാവികസേനയുടെ ഐ.എൻ.എസ് ത്രികാന്ത് പായ്ക്കപ്പലിനടുത്തേക്ക് എത്തിച്ചേർന്നതായി അധികൃതർ അറിയിച്ചു. നാവികസേനയുടെ മെഡിക്കൽ സംഘം പരിക്കേറ്റ തൊഴിലാളിക്ക് ലോക്കൽ അനസ്തേഷ്യയും അടിയന്തര ശുശ്രൂഷയും നൽകി.
വൈദ്യസഹായത്തിനു പുറമേ, ഇറാനിൽ എത്തുന്നതുവരെ തൊഴിലാളികൾക്ക് ആവശ്യമായ ആൻറിബയോട്ടിക്കുകളും മറ്റു മെഡിക്കൽ സാമഗ്രികളും നാവികസേന നൽകിയതായി അധികൃതർ അറിയിച്ചു. സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കുന്നതിൽ സമയബന്ധിതമായി ഇടപെട്ടതിന് പായ്ക്കപ്പൽ സംഘം ഇന്ത്യൻ നാവികസേനയോട് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.