ന്യൂഡൽഹി: ഓക്സ്ഫഡ് യൂനിവേഴ്സിറ്റി-ആസ്ട്ര സെനേക എന്നിവർ ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിൻ 'കൊവിഷീൽഡ്' 73 ദിവസത്തിനകം ഇന്ത്യക്കാർക്ക് ലഭ്യമായിത്തുടങ്ങുമെന്ന് റിപ്പോർട്ട്. വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥൻ ഇക്കാര്യം അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
കൊവിഷീൽഡിന്‍റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. ഇത് വിജയമാകുന്നതോടെ രാജ്യത്ത് വാണിജ്യ ഉൽപ്പാദനം ആരംഭിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിൻ ആവും സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റേത്.
ഉൽപ്പാദന മുൻഗണന നൽകുന്ന ലൈസൻസും വാക്സിൻ പരീക്ഷണം 58 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള അനുമതിയും ലഭിച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇത് പ്രകാരം ശനിയാഴ്ചയാണ് മൂന്നാംഘട്ട പരീക്ഷണത്തിലെ ആദ്യ വാക്സിൻ ഡോസ് നൽകിയത്. 29ാം ദിവസം അടുത്ത ഡോസ് നൽകും. ഫൈനൽ റിപ്പോർട്ട് 15 ദിവസത്തിന് ശേഷമാണ് തയാറാക്കുക. ഇത് പൂർത്തിയാകുന്നതോടെ വാണിജ്യോൽപാദനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
രാജ്യത്തെ 20 കേന്ദ്രങ്ങളിലായി ആഗസ്റ്റ് 22നാണ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചത്. 1600 പേരിലാണ് പരീക്ഷണം. മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ച സാഹചര്യത്തിൽ, നേരത്തെ കരുതിയതിനേക്കാൾ വേഗം വാക്സിൻ യാഥാർഥ്യമാകുമെന്നാണ് വിലയിരുത്തുന്നത്.
ഇന്ത്യയിലും മറ്റ് 92 രാജ്യങ്ങളിലും വാക്സിൻ വിപണിയിലിറക്കാൻ ഓക്സഫഡ്-ആസ്ട്രസെനേകയുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ധാരണയിലെത്തിയതായി ഉന്നതോദ്യോഗസ്ഥൻ പറയുന്നു. ഇന്ത്യക്കാർക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയാറാണെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത ജൂണോടെ 68 കോടി ഡോസ് വാക്സിൻ ഇന്ത്യക്ക് വേണ്ടി നിർമിക്കാൻ നിർദേശം കൊടുത്തിരിക്കുകയാണ്.
ഐ.സി.എം.ആർ-ഭാരത് ബയോടെക് എന്നിവരുടെ 'കോവാക്സിൻ', സൈദൂസ് കാഡിലയുടെ 'സൈകോവ്-ഡി' എന്നീ വാക്സിനുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇവയുടെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.