ന്യൂഡൽഹി: ഭാരത് ജോഡോ യാത്രക്കിടെ കാലങ്ങളായി തന്റെ മനസിലുള്ള സംശയം തുറന്നു പറഞ്ഞ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര 112 ദിവസം പിന്നിട്ടിരിക്കയാണ്. പാനിപ്പത്തിലാണ് ഇപ്പോൾ രാഹുൽ ഗാന്ധിയുള്ളത്. പാനിപ്പത്തിൽ വലിയ സ്വീകരണമാണ് ലഭിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതിനിടെയാണ് ഇന്ത്യയെ കുറിച്ചുള്ള വലിയ സംശയം രാഹുൽ പങ്കുവെച്ചത്.
''140 കോടി ജനങ്ങളുള്ള രാജ്യമാണിത്. എന്നാൽ ഇവിടെ ആകെ 100 ധനികർ മാത്രമേയുള്ളൂ. ഇതിൽ എന്തു നീതിയാണുള്ളത്. ഇതാണ് നമ്മുടെ നരേന്ദ്രമോദിയുടെ ഇന്ത്യ''-കേന്ദ്രത്തെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെ കോർപറേറ്റ് സ്ഥാപനങ്ങളുടെ ലാഭവിഹിതം പരിശോധിച്ചാൽ അതിൽ 90 ശതമാനവും 20കോർപറേറ്റുകളിലേക്ക് ആണ് എത്തുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. അങ്ങനെയാണ് രാജ്യത്തെ പകുതി സമ്പത്ത് 100 പേരിലേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നത്. ഇതാണ് മോദിസർക്കാരിലെ അവസ്ഥ. മോദി സർക്കാർ രണ്ട് വിഭാഗം ഇന്ത്യക്കാരെ സൃഷ്ടിക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ഒന്ന് ദരിദ്രരുടെയും മറ്റൊന്ന് 200,300 അംഗസംഖ്യമാത്രമുള്ള സമ്പന്നരുടെയും. പാനിപ്പത്തിലെ ഈ വായു ശ്വസിച്ചാൽ ആളുകൾ അർബുദബാധിതരാകും. കാരണം പാനിപ്പത്ത് വലിയൊരു കൂട്ടം ചെറുകിട വ്യവസായ ശാലകളുടെ കേന്ദ്രമാണ്. ജി.എസ്.ടി ചെറുകിട ബിസിനസ് കേന്ദ്രങ്ങളെ നശിപ്പിച്ചു. നമ്മുടെ രാജ്യത്തെ മൊത്തം കഥയും ഇതുതന്നെ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള സംസ്ഥാനം ഹരിയാനയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.