ബംഗളൂരു: പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിര ഗാന്ധിക്കും മകൻ സഞ്ജയ് ഗാന്ധിക്കും എതിരെ വിവാദ പരാമർശവുമായി ബി.ജെ.പി എം.പിയും മുൻ കേന്ദ്ര മന്ത്രിയുമായ അനന്ത്കുമാർ ഹെഗ്‌ഡെ. ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും മരിച്ചത് ഗോഹത്യയുടെ ശാപം മൂലമെന്നാണ് ഹെഗ്‌ഡെ ആരോപിച്ചത്. ഗോപാഷ്ടമി ദിനത്തിലാണ് ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചത്. ഗോവധ നിരോധനത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിനിടെ സന്യാസി കർപത്രി മഹാരാജിന്‍റെ ശാപം കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും അനന്ത്കുമാർ ഹെഗ്‌ഡെ പറഞ്ഞു.
'ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ഗോവധ നിരോധനത്തിനെതിരെ വലിയ പ്രക്ഷോഭം നടന്നിരുന്നു. ഈ പ്രക്ഷോഭത്തിൽ ഡസൻ കണക്കിന് സന്യാസിമാർ മരിക്കുകയും നിരവധി സന്യാസിമാർ കൊല്ലപ്പെടുകയും ചെയ്തു. ഇന്ദിരയുടെ സാന്നിധ്യത്തിൽ പശുക്കളെ അറുക്കുകയും ചെയ്തു നൂറുകണക്കിന് പശുക്കളെ വെടിവച്ചു കൊല്ലുകയും ചെയ്തു. ഗോപാഷ്ടമി നാളിൽ തന്നെ നിന്‍റെ കുലവും നശിക്കുമെന്ന് സന്യാസി കർപത്രി മഹാരാജ് ഇന്ദിരയെ ശപിച്ചു. ഇന്ദിര ഗോപാഷ്ടമി ദിനത്തിൽ വെടിയേറ്റും സഞ്ജയ് ഗോപാഷ്ടമി നാളിൽ വിമാനാപകടത്തിലും മരിച്ചു.' -ഹെഗ്‌ഡെ പറഞ്ഞു.
അനന്ത് കുമാർ ഹെഗ്‌ഡെയുടെ വിവാദ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. ഹെഗ്‌ഡെ ഉപയോഗിക്കുന്ന ഭാഷ അദ്ദേഹത്തിന്‍റെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ്. കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ ഭരണഘടന മാറ്റുമെന്ന് പറഞ്ഞ അനന്ത് കുമാറിൽ നിന്ന് മികച്ച സംസ്‌കാരം പ്രതീക്ഷിക്കാനാകുമോ? -സിദ്ധരാമയ്യ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.