മുംബൈ: ഇശ്റത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍നിന്ന് മുന്‍ ഗുജറാത്ത് ഡി.ജി.പി പി.പി. പാണ്ഡെയെ പ്രത്യേക സി.ബി.ഐ കോടതി ഒഴിവാക്കി. വ്യാജ ഏറ്റമുട്ടല്‍ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന സി.ബി.ഐയുടെ വാദം തള്ളിയാണ് ഗുജറാത്തിലെ പ്രത്യേക കോടതി ജഡ്ജി ജെ.കെ. പാണ്ഡ്യ ബുധനാഴ്ച വിധി പ്രഖ്യാപിച്ചത്. ഇതുവരെ വിസ്തരിച്ച സാക്ഷികളാരും തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും കൃത്യത്തില്‍ ബന്ധമില്ലെന്നുമാണ് കോടതിയില്‍ പാണ്ഡെ വാദിച്ചത്. സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി രാഷ്ട്രീയ, പൊലീസ് ഉന്നതരെ കേസില്‍നിന്ന് ഒഴിവാക്കിയത് വിവാദമായതിന് പിന്നാലെയാണ് ഇശ്റത് ജഹാന് കേസിലും ഇതാവർത്തിക്കുന്നത്. കേസില്‍നിന്ന് കോടതി ഒഴിവാക്കുന്ന ആദ്യ പ്രതിയാണ് പാണ്ഡെ.
2004 ജൂണില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലശ്കറെ ത്വയ്യിബ ചാവേറുകളെന്ന് ആരോപിച്ച് ഇശ്റത് ജഹാന്, മലയാളി പ്രാണേശ് പിള്ള എന്ന ജാവേദ് ശൈഖ് എന്നിവരെയും രണ്ട് പാകിസ്താനികളെയും കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍, നാലു പേരെയും തട്ടിക്കൊണ്ടുപോയി ഫാം ഹൗസുകളില്‍ പാര്‍പ്പിച്ച ശേഷം കൊലപ്പെടുത്തി നിരത്തില്‍ കൊണ്ടിടുകയായിരുന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. അന്ന് ഗുജറാത്ത് ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന പി.പി. പാണ്ഡെ ഒളിവില്‍ പാര്‍പ്പിച്ചവരെ ചെന്നു കണ്ടെന്നും ഡി.സി.പിയായിരുന്ന ഡി.ജി. വൻസാരയുടെ ഓഫിസില്‍വെച്ച് അദ്ദേഹവും ഐ.ബി പ്രത്യേക ഡയറക്ടറായിരുന്ന രജീന്ദര്‍ കുമാര്‍ എന്നിവരുമായി ചേര്‍ന്ന് വധ ഗൂഢാലോചന നടത്തിയെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. 2013 ജൂലൈയില്‍ അറസ്റ്റിലായ പാണ്ഡെ ഒന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു.
ജാമ്യത്തിലിറങ്ങിയ പാണ്ഡെയെ ഡി.ജിപിയാക്കിയെങ്കിലും കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടതോടെ രാജിവെക്കേണ്ടിവന്നു. പാണ്ഡെ, വൻസാര, രജീന്ദര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം ഉന്നത ഐ.പി.എസുകാരായ ജി.എല്‍ സിംഗാള്‍, എന്‍.കെ അമിന്‍, തരുണ്‍ ബാരൊട് എന്നിവരും പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.