മുംബൈ: മെയ് മൂന്നിനകം പള്ളികളിൽനിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന് ആവർത്തിച്ച് മഹാരാഷ്ട്ര നവ നിർമാൺ സേന മേധാവി രാജ് താക്കറെ. പ്രാർത്ഥനകൾ നടത്തുന്നതിനെ ആരും എതിർത്തിട്ടില്ലെന്നും ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്നതിനെയാണ് തങ്ങൾ എതിർക്കുന്നതെന്നും താക്കറെ പറഞ്ഞു. മതം നിയമത്തേക്കാൾ വലുതല്ലെന്ന് മുസ്‍ലിംകൾ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ ഭീഷണി ഉയർത്തിയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനയെപ്പോലെ തങ്ങൾക്കും തിരിച്ചടിക്കാന്‍ അറിയാമെന്നും എന്നാൽ ഞങ്ങൾക്ക് സമാധാനമാണ് വേണ്ടതെന്നും താക്കറെ പറഞ്ഞു. മെയ് മൂന്ന് വരെ ഹിന്ദുക്കളോട് കാത്തിരിക്കാനും അദ്ദേഹം പറഞ്ഞു.
മെയ് മൂന്നിന് ശേഷം ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഉച്ചഭാഷിണിയിൽ ഹനുമാന്‍ ചാലിസ വായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‍ലിംകൾ നമസ്കരിക്കാന്‍ ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്ന സമയത്തെല്ലാം ഹനുമാന്‍ ചാലിസ വായിക്കുമെന്നും അദ്ദേഹം താക്കീത് ചെയ്തു.
രാഷ്ട്രീയ റാലികളിലും മതപരമായ ഘോഷയാത്രകളിലും ഉച്ചഭാഷിണി ഉപയോഗിക്കാൻ അധികാരികളുടെ അനുമതി ആവശ്യമുള്ളതിനാൽ ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കാന്‍ പള്ളികൾക്ക് അനുമതിയുണ്ടോയെന്നും താക്കറെ ചോദിച്ചു. ഇത് മതപരമായ പ്രശ്നമല്ലെന്നും സാമൂഹിക പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.