ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ തുടങ്ങി വിവിധ ഭാഗങ്ങളിലേക്ക് പടർന്ന വർഗീയ സംഘർഷത്തെച്ചൊല്ലി സംഘ് പരിവാറിൽ ഭിന്നത പുറത്ത്. സംഘർഷത്തിന് തുടക്കമിട്ട സായുധ ഘോഷയാത്ര സംഘടിപ്പിച്ച വിശ്വഹിന്ദു പരിഷത്തിനെതിരെ വിമർശനവുമായി ഹരിയാന ഉപമുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും അടക്കമുള്ളവർ രംഗത്തുവന്നു.
മുസ്ലിം വോട്ടുബാങ്കിനായി നടത്തിയ പ്രസ്താവനയാണ് ഉപമുഖ്യമന്ത്രിയുടേതെന്ന് വി.എച്ച്.പി പ്രതികരിച്ചു. മത ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് വാളുകളും വടികളും നൽകിയതിനെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര മന്ത്രി റാവു ഇന്ദർജിത് സിങ് വിമർശിച്ചു. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് ആയുധം നൽകിയത് ആരാണെന്ന് അദ്ദേഹം ചോദിച്ചു. ഘോഷയാത്രയിൽ വാളുമായിട്ടാണോ പോകേണ്ടത്? വടികളും ദണ്ഡുകളുമായാണോ പോകേണ്ടത്? ഇത് ശരിയല്ല. ഈ ഭാഗത്തുനിന്നും പ്രകോപനമുണ്ടായിട്ടുണ്ട്. മറുഭാഗത്തുനിന്ന് പ്രകോപനമുണ്ടായിട്ടില്ല എന്നല്ല താൻ പറയുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
കുട്ടികൾ തമ്മിൽ തുടങ്ങിയ ഏറ്റുമുട്ടലായിരുന്നു ഇത്. പരസ്പരം അവർ കല്ലേറ് നടത്തി. നൂഹിൽ ഹരിയാന പൊലീസ് മതിയാകാത്തതിനാൽ കേന്ദ്ര സേനയെ അയക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും താൻ സമീപിച്ചുവെന്നും റാവു ഇന്ദർജിത് സിങ് വെളിപ്പെടുത്തി.
സമൂഹ മാധ്യമങ്ങൾ ജനങ്ങൾക്കിടയിൽ നെഗറ്റിവ് ചിന്താഗതി ഉണ്ടാക്കുകയാണ്. അത്തരം വിഡിയോകൾ അപ്ലോഡ് ചെയ്തവരെ കുറിച്ച് അന്വേഷിക്കാൻ പൊലീസുകാരോട് താൻ ആവശ്യപ്പെട്ടു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ ഇന്ത്യ-പാക് വിഭജനത്തിന് ശേഷം കഴിഞ്ഞ 75 വർഷത്തിനുള്ളിൽ ഇത്തരമൊരു വർഗീയ സംഘർഷമുണ്ടായിട്ടില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഇപ്പോൾ ഇത് സംഭവിക്കാൻ കാരണം സമൂഹ മാധ്യമങ്ങളാണ്. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തിയ റാവു ഇന്ദർജിത് സിങ് ഒമ്പതു വർഷമായി കേന്ദ്ര മന്ത്രിയാണ്. ഹിസാർ എം.പിയും മുൻ കേന്ദ്ര മന്ത്രിയുമായ ചൗധരി ബീരേന്ദർ സിങ്ങും കാലങ്ങളായി മേഖലയിൽ കാത്തുസൂക്ഷിക്കുന്ന സാഹോദര്യം തകർക്കുന്നവർക്കെതിരെ വിമർശനവുമായി വന്നു.
മതഘോഷയാത്ര സംഘടിപ്പിച്ചവർ അതുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന് നൽകിയിട്ടില്ലെന്നും അതുകൊണ്ടാണ് സംഘർഷമുണ്ടായതെന്നും ഹരിയാന ഉപമുഖ്യമന്ത്രിയും ബി.ജെ.പി സഖ്യകക്ഷിയായ ജെ.ജെ.പിയുടെ നേതാവുമായ ദുഷ്യന്ത് ചൗതാല തുറന്നടിച്ചു. ഇതിനുത്തരവാദികളായവർ ഏത് പാർട്ടിക്കാരായാലും അവർക്കെതിരെ കർശന നടപടി എടുക്കുമെന്നും ചൗതാല മുന്നറിയിപ്പ് നൽകി. മേവാത്ത് സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും സമാധാനവും ശാന്തിയും കാത്തുസൂക്ഷിച്ചവരാണെന്നും ഇവിടുത്തെ ജനങ്ങൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് തോളോടു തോൾ ചേർന്നവരാണെന്നും ചൗതാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.