ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക മാത്രം പുറത്തുവിട്ട് ബി.ജെ.പി. സെപ്റ്റംബർ 18ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഒന്നാം ഘട്ടത്തിലെ 16 സ്ഥാനാർഥികളുടെ വിവരങ്ങളാണ് പുതിയ പട്ടികയിലുള്ളത്. ഒന്നാം ഘട്ടത്തിൽ 24 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
പാംപോർ- സഈദ് ഷൗക്കത്ത് ഗയൂർ അന്ദ്രാബി, രാജ്പോറ- അർഷിദ് ഭട്ട്, ഷോപ്പിയാൻ- ജാവേദ് അഹമ്മദ് ഖാദ്രി, അനന്ത്‌നാഗ് വെസ്റ്റ് - റഫീഖ് വാനി, അനന്ത്‌നാഗ് - സഈദ് വാസഹത്ത്, ഷാംഗസ്-അനന്ത്നാഗ് ഈസ്റ്റ് - വീർ സറഫ്, ശ്രീഗുഫ്‌വാര-ബിജ്‌ബെഹാറ- സോഫി യൂസഫ്, ഇന്ദർവാൾ-താരിഖ് കീനെ, ബനിഹാൽ -സലിം ഭട്ട്, കിഷ്ത്വർ -ഷഗുൺ പരിഹാർ (വനിത), പദ്ദേർ-നാഗ്‌സെൻ -സുനിൽ ശർമ, ഭദർവ- ദലീപ് സിങ് പരിഹാർ, ദോഡ- ഗജയ് സിങ് റാണ, ദോഡ വെസ്റ്റ് - ശക്തി രാജ് പരിഹാർ, റംബാൻ- രാകേഷ് താക്കൂർ, കോക്കർനാഗ് -ചൗധരി റോഷൻ ഹുസൈൻ ഗുജ്ജർ (പട്ടിക വർഗം) എന്നിവരാണ് സ്ഥാനാർഥികൾ.
ഇന്ന് രാവിലെ പുറത്തുവിടുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത പട്ടികയിൽ ഉൾപ്പെട്ട ഒന്നാം ഘട്ടത്തിലെ സ്ഥാനാർഥികൾ തന്നെയാണ് രണ്ടാമത്തെ പട്ടികയിലുമുള്ളത്. 44 സീറ്റുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്ന് രാവിലെ ബി.ജെ.പി കേന്ദ്ര നേതൃത്വം പുറത്തുവിട്ടത്. എന്നാൽ, ചില മാറ്റങ്ങൾ വരുത്താനുണ്ടെന്ന് ചൂണ്ടിക്കാട്ടി പിന്നീട് പട്ടിക പിൻവലിക്കുകയായിരുന്നു.
സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.