പട്ന: വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ബിഹാറിൽ ജെ.ഡി.യു പോളിങ് ഏജൻറ് കൊല്ലപ്പെട്ടു. നളന്ദ ജില്ലയിലെ മാവുവ ഗ്രാമത്തിലാണ് സംഭവം. സ്ഥലം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.
തിങ്കളാഴ്ച രാവിലെ കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അജ്ഞാത സംഘമെത്തി അനിൽ കുമാർ(62)നെ ആക്രമിച്ചത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. ജില്ലാ മജിസ്ട്രേറ്റും എസ്.പിയും ജില്ലയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് അറിയിച്ചു.
കുമാറും സഹോദരൻമാരും തമ്മിൽ വസ്തു സംബന്ധിച്ച് തർക്കമുണ്ടായിരുന്നതായി ഇയാളുടെ ഭാര്യം പ്രമീള ദേവി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. രണ്ട് പേർക്കെതിരെയാണ് പ്രമീളയുടെ പരാതി. പിതാവ് ജെ.ഡി.യു പോളിങ് ഏജന്റായതിന് ശേഷം ചിലർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അനിൽ കുമാറിന്റെ മകൾ നീതു കുമാരി പറഞ്ഞു. സുരേന്ദ്ര മഹാതോ, രാകേഷ് മഹാതോ എന്നിവരാണ് പിതാവിനെ ഭീഷണിപ്പെടുത്തിയതെന്നും നീതുകുമാരി വ്യക്തമാക്കി.
ജൂൺ ഒന്നിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ അനിൽ കുമാർ ജെ.ഡി.യുവിന്റെ പോളിങ് ഏജന്റായിരുന്നു. ആർ.ജെ.ഡിയിൽ നിന്ന് അനിൽ കുമാറിന് ഭീഷണിയുണ്ടായിരുന്നതായി സ്ഥലം എം.എൽ.എ കൗശലേന്ദ്ര കുമാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.