ആദായ നികുതി വകുപ്പ്​ പരിശോധനക്കെതിരെ ജയാ ബച്ചൻ

യു.പിയിൽ രാഷ്​ട്രീയ നേതാക്കളെ ലക്ഷ്യവെച്ചുള്ള ആദായ നികുതി വകുപ്പിന്‍റെ പരിശോധനക്കെതിരെ സമാജ് വാദി പാർട്ടി എം. പി ജയാ ബച്ചൻ. ജയാ ബച്ചന്‍റെ മരുമകളും പ്രമുഖ നടിയുമായ ഐശ്വര്യ റായ്​ ബച്ചനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിന്​ ഇ.ഡി വിളിച്ചുവരുത്തിയിരുന്നു. അടുത്ത വർഷം യു.പിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമാജ് വാദി പാർട്ടി നേതാക്കളുടെ വസതികളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.പിയിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് വിറയൽ വന്ന് തുടങ്ങിയതുകൊണ്ടാണ് സമാജ് വാദി പാർട്ടി നേതാക്കൾക്കെതിരെ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് ജയാ ബച്ചൻ സർക്കാരിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. കേന്ദ്ര ഏജൻസികൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്ന സർക്കാരിന്‍റെ അവകാശവാദം തള്ളിക്കളഞ്ഞ അവർ ഞങ്ങൾ നിരക്ഷരരും വിദ്യാഭ്യാസമില്ലാത്തവരുമാണെന്ന് കരുതുന്നുണ്ടോയെന്നും ചോദിച്ചു.

പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജയാ ബച്ചൻ പറഞ്ഞു. രാജ്യസഭയിൽ തനിക്കെതിരെ നടത്തിയ വ്യക്തിഗത പരാമർശങ്ങളിൽ ക്ഷുഭിതയായതിന് പിന്നാലെയാണ് അവരുടെ പ്രതികരണം. പാൻഡോറ പപ്പേഴ്‌സ് വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനായി ഐശ്വര്യ റായിയെ തിങ്കളാഴ്ച്ച എൻഫോഴ്‌സ്‌മെന്‍റ്​ ഡയറക്ടറേറ്റ് വിളിച്ചു വരുത്തിയിരുന്നു. എന്നാൽ മരുമകളെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ജയാ ബച്ചൻ പ്രതികരിച്ചിട്ടില്ല. 'അവർ പരിഭ്രാന്തരാണ്, അവർക്ക് നിരവധി ഉപകരണങ്ങളുണ്ട്, അവ ദുരുപയോഗം ചെയ്യുന്നു', ജയാച്ചൻ അഭിപ്രായപ്പെട്ടു. രാജ്യസഭയിൽ 12 എം.പിമാരെ സസ്‌പെൻഡ് ചെയ്തതിലും തൊഴിലില്ലായ്മയിലും കർഷക പ്രശനങ്ങളിലും ജയാ ബച്ചൻ സർക്കാരിനെതിരെ പ്രത്യക്ഷമായ വിമർശനമാണുന്നയിച്ചത്. രാജ്യസഭയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ജയാ ബച്ചൻ അറിയിച്ചു.

Tags:    
News Summary - Jaya Bachchan opposes Income Tax probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.