മുംബൈ: ബോളിവുഡിനെ അപകീർത്തിപ്പെടുത്താനും വില്ലൻ പരിവേഷം നൽകാനുമുള്ള ശ്രമങ്ങൾക്കെതിരെ പാർലമെൻറിൽ ശബ്ദമുയർത്തിയ നടി ജയ ബച്ചനെതിരെ വിമർശനവുമായി ബി.ജെ.പി എം.പിയും അഭിനേത്രിയുമായ ജയപ്രദ. പാർലമെൻറിെൻറ മൺസൂൺ സെഷനിൽ ജയ ബച്ചൻ നടത്തിയ പ്രസംഗം രാജ്യത്തിെൻറ ശ്രദ്ധയാകർഷിച്ചിരുന്നു. ഈ വിഷയത്തിൽ ബി.ജെ.പി എം.പിയും ഭോജ്പുരി നടനുമായ രവി കിഷൻ നടത്തിയ പരാമർശങ്ങളെ പിന്തുണച്ച ജയപ്രദ, സമാജ്വാദി പാർട്ടി എം.പിയായ ജയ ബച്ചൻ പ്രശ്നം രാഷ്ട്രീയവൽകരിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
'യുവാക്കൾ മയക്കുമരുന്ന് കടത്തുന്നതിനും അതിന് അടിമകളാകുന്നതിനുമെതിരെ രവി കിഷൻ നടത്തിയ അഭിപ്രായങ്ങളെ ഞാൻ പൂർണമായി പിന്തുണക്കുകയാണ്. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ നാം ശബ്ദമുയർത്തണം. നമ്മുടെ യുവതയെ രക്ഷിക്കേണ്ടതുണ്ട്. ജയബച്ചൻ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഞാൻ കരുതുന്നത്.' -ജയപ്രദ വാർത്ത ഏജൻസിയോട് പറഞ്ഞു. ഹിന്ദി സിനിമ വ്യവസായലോകത്ത് മയക്കുമരുന്ന് ഉപഭോഗം വ്യാപകമെന്ന രീതിയിൽ രവി കിഷൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് ജയ ബച്ചൻ പാർലമെൻറിൽ പ്രസംഗിച്ചത്.
അതേസമയം, ബി.ജെ.പി എം.പിയും പ്രമുഖ നടിയുമായ ഹേമമാലിനി ജയബച്ചനെ പിന്തുണച്ച് രംഗത്തെത്തി. 'നിങ്ങൾക്ക് ബോളിവുഡിെൻറ പ്രതിച്ഛായക്കുമേൽ കരിവാരിത്തേക്കാൻ കഴിയില്ല. വസ്ത്രത്തിൽ പതിച്ച ചെറുകറ പോലെയുള്ള സംഭവം മാത്രമാണിത്. അത് നമ്മൾ കഴുകിക്കളയണം. ഈ സിനിമാ വ്യവസായലോകത്തുനിന്ന് ഒരുപാട് സ്നേഹം എനിക്ക് ലഭിച്ചിട്ടുണ്ട്.' -ഹേമമാലിനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.