റാഞ്ചി: ഝാർഖണ്ഡിൽ 16കാരിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. 10ക്ലാസുകാരിയുടെ വലതുകണ്ണ് ചൂഴ്ന്നെടുത്ത നിലയിലായിരുന്നു. പലാമു ജില്ലയിലെ ലലിമതി വനമേഖലയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പങ്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബുധബാർ ഗ്രാമവാസിയാണ് പെൺകുട്ടി. ജൂൺ ഏഴിന് രാവിലെ 10 മണിയോടെ പുറത്തുപോയതാണ് പെൺകുട്ടി. പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ചൊവ്വാഴ്ച പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നതായി സ്റ്റേഷൻ ഇൻ ചാർജ് അശോക് കുമാർ പറഞ്ഞു. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം മരത്തിൽ തുണികൊണ്ട് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുന്നത്. പെൺകുട്ടിയെ ക്രൂരമായി മർദിച്ചതിന്‍റെ പാടുകൾ ശരീരത്തിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ പ്രതികൾ ലൈംഗികമായി ഉപദ്രവിച്ചതായി കുടുംബം ആരോപിച്ചു. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ പിതാവ് പ്രാദേശിക ബി.ജെ.പി നേതാവാണ്. അഞ്ചുമക്കളിൽ മൂത്തയാളാണ് പെൺകുട്ടി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകിട്ടോടെ പെൺകുട്ടിയുടെ മൃതേദഹം സംസ്കരിച്ചു.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഒരു മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. അതിലെ കോൾ വിവരങ്ങൾ പരിശോധിച്ചതിൽനിന്ന് 23കാരനായ പ്രദീപ് കുമാർ സിങ് ധനുക്കിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികളുണ്ടെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാെണന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.