ബി.ജെ.പിക്ക് ക്രൈസ്തവരോടുള്ള സവിശേഷമായ സ്നേഹം എന്താണെന്നു എല്ലാവർക്കും അറിയാം; ജോർജ് കുര്യന് മറുപടിയുമായി ജോൺ ബ്രിട്ടാസ്

'ബി.ജെ.പിക്ക് ക്രൈസ്തവരോടുള്ള സവിശേഷമായ സ്നേഹം എന്താണെന്നു എല്ലാവർക്കും അറിയാം'; ജോർജ് കുര്യന് മറുപടിയുമായി ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: എമ്പുരാൻ സിനിമ ചൊല്ലി രാജ്യസഭയിലുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നടത്തിയ പ്രസ്താവനക്ക് പരിഹാസ മറുപടിയുമായി ജോൺ ബ്രിട്ടാസ് എം.പി. 

ബി.ജെ.പിക്ക് ക്രൈസ്തവരോടുള്ള സവിശേഷമായ സ്നേഹം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നുമെന്നായിരുന്നു ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചത്. 

സിനിമ ക്രൈസ്തവ വിരുദ്ധമാണെന്ന് ജോർജ് കുര്യൻ പറഞ്ഞത് മന്ത്രിയുടെ പദവി തന്നെ കാറ്റിൽ പറത്തിക്കൊണ്ടാണെന്നും വിഷയത്തിൽ ബി.ജെ.പിയുടെ നിലപാട് എന്താണെന്നും ബ്രിട്ടാസ് ചോദിച്ചു. 

എമ്പുരാൻ സിനിമ ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരാണെന്നും കമ്യൂണിസ്റ്റുകാർ ക്രൈസ്തവരെ അവഹേളിക്കുകയാണെന്നുമാണ് മന്ത്രി രാജ്യസഭയിൽ പറഞ്ഞത്.  എമ്പുരാൻ സിനിമക്കെതിരെ നടന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ ബ്രിട്ടാസിന് മറുപടിയായാണ് മന്ത്രി പറഞ്ഞത്.

എമ്പുരാൻ സിനിമ റീ സെൻസർ ചെയ്യേണ്ടിവന്നത് ചൂണ്ടികാട്ടി രാജ്യസഭയിൽ വലിയ പ്രതിഷേധമാണ് നടന്നത്. സിനിമയെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും രാജ്യദ്രോഹികാളായി ചിത്രീകരിച്ച് സിനിമ റീ സെൻസർ ചെയ്യേണ്ടി വന്ന സാഹചര്യം ഭയപ്പെടുത്തുന്നതാണെന്നും ബ്രിട്ടാസ് പറഞ്ഞു.

കോൺഗ്രസ് എം.പി ജെബി മേത്തറും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ഓർഗനൈസർ സിനിമയെ അപകീർത്തിപ്പെടുത്തുകയാണെന്നും എം.പി രാജ്യസഭയിൽ ചൂണ്ടിക്കാണിച്ചു.

ജോൺ ബ്രിട്ടാസിന്റെ കുറിപ്പിന്റെ പൂർണ രൂപം

'എമ്പുരാൻ സിനിമയിലെ രംഗങ്ങൾ മുറിച്ചു കളഞ്ഞതിൽ തങ്ങൾക്ക് യാതൊരു ഇടപെടലും ഇല്ല എന്നാണ് ബിജെപി കേരളത്തിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. സിനിമയുടെ ശിൽപ്പികൾ സ്വന്തം നിലക്ക് കൈക്കൊണ്ട തീരുമാനപ്രകാരമാണ് സിനിമയ്ക്ക് മേൽ കത്തി വെച്ചതെന്ന് പറയുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർന്റെ നിലപാട് പ്രകാരം സിനിമയെ സിനിമയായി കാണണം.

കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി പറയുന്നു ഈ സിനിമ കച്ചവടമാണ്, അതിനെ കച്ചവടമായി കണ്ടാൽ മതി എന്ന്. ഇന്ന് എമ്പുരാൻ വിഷയം രാജ്യ സഭയിൽ ഞാൻ ഉയർത്തിയപ്പോൾ ഒരു മന്ത്രിയുടെ പദവി തന്നെ കാറ്റിൽ പറത്തിക്കൊണ്ട് സഹമന്ത്രി ജോർജ് കുര്യൻ എഴുന്നേറ്റു നിന്ന് പറഞ്ഞത് സിനിമ ക്രൈസ്തവ വിരുദ്ധമാണ് എന്നാണ്. (ബിജെപിക്ക് ക്രൈസ്തവരോടുള്ള സവിശേഷമായ സ്നേഹം എന്താണെന്നു എല്ലാവർക്കും അറിയാമല്ലോ ..!) എന്താണ് ബി.ജെ.പിയുടെ നിലപാട് ?'.  

Full View


Tags:    
News Summary - John Brittas responds to George Kurien

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.