ലഖ്നൗ: മദ്യ മാഫിയക്കെതിരെ വാർത്ത നൽകിയതിന് ഭീഷണി നേരിട്ട മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിൽ എ.ബി.പി ന്യൂസിൻെറ റിപ്പോർട്ടറായ സുലഭ് ശ്രീവാസ്തയാണ് മരിച്ചത്.
ജില്ലയിൽ പിടിമുറുക്കിയ മദ്യ മാഫിയകൾക്കെതിരെ ഇദ്ദേഹം കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. ഇതിന് ശേഷം പലരും തന്നെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് സുലഭ് പൊലീസിൽ പരാതി നൽകിയിരുന്നു.
അതേസമയം, ഇയാൾ മരിച്ചത് ബൈക്ക് അപകടത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രി 11ഓടെ സുലഭ് ബൈക്കിൽ മടങ്ങുേമ്പാൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നവത്രെ. ഇഷ്ടിക ചൂളക്കടുത്താണ് വീണത്. അവിടെയുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ സുഹൃത്തുക്കളെ അറിയിക്കുകയും ആംബുലൻസ് വിളിക്കുകയും ചെയ്തു. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പ്രതാപ്ഗഢിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സുരേന്ദ്ര ദ്വിവേദി പ്രസ്താവനയിൽ പറഞ്ഞു.
'പ്രാഥമിക അന്വേഷണത്തിൽ ഇയാൾ ബൈക്കിൽ തനിച്ചായിരുന്നുവെന്നും റോഡിൽ ഹാൻഡ് പമ്പുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൻെറ മറ്റു വശങ്ങളും അന്വേഷിക്കുകയാണ്' -ദ്വിവേദി കൂട്ടിച്ചേർത്തു.
അതേസമയം, അപകട സ്ഥലത്തുനിന്ന് എടുത്ത ചിത്രത്തിൽ ഇദ്ദേഹത്തിൻെറ മുഖത്ത് പരിക്കേറ്റതായി കാണുന്നുണ്ട്. കൂടാതെ വസ്ത്രങ്ങളെല്ലാം ഊരി മാറ്റിയ നിലയിലായിരുന്നു. ഇതും കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്നു.
മരിക്കുന്നതിൻെറ തലേദിവസം യു.പി പൊലീസ് ഉദ്യോഗസ്ഥർക്ക്, തൻെറ ജീവൻ അപകടത്തിലാണെന്ന് കാണിച്ച് സുലഭ് ശ്രീവാസ്തവ പരാതി നൽകിയിരുന്നു. 'ജില്ലയിലെ മദ്യ മാഫിയക്കെതിരായ എൻെറ റിപ്പോർട്ട് ജൂൺ ഒമ്പതിന് എ.ബി.പിയുടെ ന്യൂസ് പോർട്ടലിൽ വന്നിരുന്നു. അതിനുശേഷം പലഭാഗത്തുനിന്നും ഭീഷണിയുണ്ടായി. എന്നെ പലരും പിന്തുടരുന്നതായി അനുഭവപ്പെട്ടു. എൻെറ കുടുംബവും ഏറെ ആശങ്കയിലാണ്' -സുലഭ് കത്തിൽ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ബി.ജെ.പി സർക്കാറിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കുറ്റപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. 'അലീഗഢ്, പ്രതാപ്ഗഢ് പോലുള്ള ജില്ലകളെ മദ്യമാഫിയ നശിപ്പിക്കുകയാണ്. എന്നാൽ, ഇതിനെതിരെ സർക്കാർ നിശ്ശബ്ദരാണ്. സത്യം തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നു. യു.പി ജംഗിൾ രാജാണെന്ന് വീണ്ടും തെളിയിക്കുന്നു. സുലഭ് ശ്രീവാസ്തയയുടെ കുടുംബാംഗങ്ങളുടെ കണ്ണുനീരിന് എന്തെങ്കിലും ഉത്തരം ഉണ്ടോ' -പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.