ലഖ്നോ: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് ജനതാദൾ (യു) അല്ലെങ്കിൽ ജെഡിയു നൽകിയ പിന്തുണ പുനഃപരിശോധിക്കണമെന്ന് സമാജ്‌വാദി പാർട്ടി (എസ്.പി) പ്രസിഡന്റ് അഖിലേഷ് യാദവ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ ജന്മശതാബ്ദിയിൽ അദ്ദേഹത്തിന്റെ പ്രതിമയിൽ ആദരമർപ്പിക്കുന്നത് യു.പിയിലെ ബി.ജെ.പി സർക്കാർ തടഞ്ഞതിന് പിന്നാലെയാണ് അഖിലേഷിന്റെ പ്രതികരണം. ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂെടയാണ് നിതീഷ് രാഷ്ട്രീയത്തിൽ എത്തിയതെന്നും അദ്ദേഹത്തെ അപമാനിക്കുന്നവരെ പിന്തുണക്കുന്നത് പുനഃപരിശോധിക്കണമെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.
അഖിലേഷ് യാദവിന്റെ വസതിക്ക് പുറത്ത് ബാരിക്കേഡ് നിരത്തിയാണ് അദ്ദേഹത്തെയും പാർട്ടി പ്രവർത്തകരെയും ജെ.പി ഇന്റർനാഷനൽ സെന്ററിൽ (ജെപിഎൻഐസി) പ്രവേശിക്കുന്നത് തടഞ്ഞത്. ഇതേ തുടർന്ന് അഖിലേഷിന്റെ വസതിക്ക് പുറത്ത് വാഹനത്തിൽ ജെ.പിയുടെ അർധകായ പ്രതിമയിൽ അഖിലേഷും നൂറുകണക്കിന് പ്രവർത്തകരും പൂക്കളർപ്പിച്ചു.
ഇതാദ്യമല്ല ബി.ജെ.പി സർക്കാറിന്റെ നടപടിയെന്നും എല്ലാ നല്ല പ്രവൃത്തികളെയും തടസ്സപ്പെടുത്തുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു. എന്നാൽ, ജെ.പി ഇന്റർനാഷനൽ സെന്ററിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് അവിടെയെത്തുന്നത് സുരക്ഷാഭീഷണിയുണ്ടെന്നാണ് സർക്കാറിന്റെ വിശദീകരണം.
സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കിൽ ഭരണകൂടം സംരക്ഷണം ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും പകരം, ബി.ജെ.പി സർക്കാർ എന്തോ മറച്ചുവെക്കാൻ ശ്രമിക്കുകന്നതിനാലാണ് ജെപിഎൻഐസി സന്ദർശിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞതെന്നും അഖിലേഷ് ആരോപിച്ചു. ‘അവർ അവരുടെ ഇഷ്ടപ്പെട്ട ബിൽഡർക്ക് 70 കോടി രൂപ കൂടി നൽകിയതായാണ് അറിഞ്ഞത്. എന്നിട്ടും പ്രവൃത്തി അപൂർണ്ണമായി തുടരുന്നു. ലോകോത്തര കെട്ടിടം വിൽക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്’ -അദ്ദേഹം പറഞ്ഞു.
നവരാത്രിയും രാമനവമിയും ആയിരുന്നില്ലെങ്കിൽ ജെപിഎൻഐസി സന്ദർശിക്കുന്നത് തടയാൻ സ്ഥാപിച്ച ബാരിക്കേഡുകൾ എസ്പി പ്രവർത്തകർ നീക്കം ചെയ്യുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.