ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച ഹരജി പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിലെ ജഡ്ജിമാരിലൊരാൾ പിന്മാറി. മഅ്ദനിയെ കുറ്റവിമുക്തനാക്കിയ കോയമ്പത്തൂർ സ്‌ഫോടന കേസിൽ അദ്ദേഹത്തിന് വേണ്ടി ഹാജരായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് വി. രാമസുബ്രമണ്യമാണ് പിൻമാറിയത്. ഇതോടെ ഹരജി പുതിയ ബെഞ്ച് പരിഗണിക്കും.
2003ൽ കോയമ്പത്തൂർ സ്‌ഫോടന കേസിൽ അഭിഭാഷകൻ എന്ന നിലയിൽ മഅ്ദനിക്ക് വേണ്ടി ഒന്നിൽ കൂടുതൽ തവണ മദ്രാസ് ഹൈകോടതിയിൽ ഹാജരായിട്ടുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് രാമസുബ്രമണ്യം വാദം കേൾക്കുന്നതിൽ പിൻമാറുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് മഅദനിയുടെ അപേക്ഷ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാനും അടുത്തയാഴ്ച പരിഗണിക്കാനും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിർദേശിച്ചു.
അതേസമയം, മഅ്ദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നത് രാജ്യത്തിെൻറ സമാധാനത്തെ പ്രതികൂലമായി ബാധിക്കും. ഇളവ് നൽകി കേരളത്തിൽ പോകാൻ അനുവദിച്ചാൽ വീണ്ടും ഭീകരവാദപ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം, വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വിവിധ കോടതികൾ കുറ്റവിമുക്തമാക്കിയ കേസുകളാണ് കർണാടകം മഅ്ദനിയെ എതിർക്കാനായി കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നും അഭിഭാഷകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.