ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വനിതാ ജഡ്ജി പൊലീസുകാരനെ മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഉത്തർപ്രദേശിലെ കീഴ്കോടതി ജഡ്ജിയായ ജയ പഥക് ആണ് ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മർദിച്ചത്.
ഡെറാഡൂണിലെ പ്രേംനഗർ പൊലീസ് സ്റ്റേഷനിൽ സെപ്തംബർ 12 നാണ് സംഭവം നടന്നത്. ജഡ്ജിയുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തിയത്. പെട്രോളിയം ആൻറ് എനർജി സ്റ്റഡീസ് യൂനിവേഴ്സിറ്റിയിൽ നടന്ന സംഘർഷത്തിൽ ജഡ്ജിയുടെ മകനും ഉൾപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷനിൽ വിദ്യാർഥികളുടെ കസ്റ്റഡിയെ സംബന്ധിച്ച് സംസാരിക്കുന്നതിനിടെ ജഡ്ജിയുടെ ദൃശ്യങ്ങൾ പകർത്തിയതാണ് അവരെ പ്രകോപിപ്പിച്ചത്.
ജഡ്ജി പൊലീസുകാരനെ രണ്ടിലധികം തവണ മുഖത്തടിച്ചു. വനിതാ പൊലീസുകാർ അവരെ പിടിച്ചു മാറ്റുകയായിരുന്നു. ‘‘നിങ്ങൾ ഒരു ജഡ്ജിയല്ലേ, ഇങ്ങനെയാണോ പെരുമാറുന്നതെന്ന്’’ മർദനമേറ്റ പൊലീസുകാരനും സഹപ്രവർത്തകരും അവരോട് ചോദിക്കുന്നതും ജഡ്ജി വീണ്ടും തർക്കിക്കുന്നതുമായ ദൃശ്യങ്ങൾ വിഡിയോയിലുണ്ട്.
ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മർദിച്ച ജഡ്ജിക്കെതിരെ കേസെടുക്കാൻ അനുമതി വേണമെന്ന്ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് പൊലീസ് അലഹബാദ് ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ജഡ്ജി സാധാരണക്കാരെ പോലെ പെരുമാറിയെന്നും ആവശ്യമില്ലാതെ പൊലീസുകാരനെ മർദിക്കുകയും കയ്യേറ്റം ചെയ്യുകയുമാണ് ഉണ്ടായതെന്നും പൊലീസ് നൽകിയ അപേക്ഷയിൽ പറയുന്നു. ഹൈകോടതി രജിസ്ട്രാർ ജനറൽ അനുമതി നൽകിയാൽ ജയ പഥകിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് പ്രദീപ് റായ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.