ജസ്റ്റിസ് യശ്വന്ത് വർമയെ ജുഡീഷ്യൽ ചുമതലകളിൽനിന്ന് നീക്കി; ഡൽഹി ഹൈകോടതി സർക്കുലർ പുറത്തിറക്കി

ജസ്റ്റിസ് യശ്വന്ത് വർമയെ ജുഡീഷ്യൽ ചുമതലകളിൽനിന്ന് നീക്കി; ഡൽഹി ഹൈകോടതി സർക്കുലർ പുറത്തിറക്കി

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയിൽനിന്ന് നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നു മാറ്റി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിച്ചതിനു പിന്നാലെയാണ് തീരുമാനം.

സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, അടിയന്തര പ്രാബല്യത്തോടെ ജസ്റ്റിസ് യശ്വന്ത് വർമയെ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ജുഡീഷ്യൽ ചുമതലകളിൽനിന്ന് നീക്കിയതായി തിങ്കളാഴ്ച ഡൽഹി ഹൈകോടതി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പിന്നാലെ വർമയുടെ ബെഞ്ച് പരിഗണിച്ചിരുന്നു കേസുകൾ പുതിയ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. വർമയെ ജുഡീഷ്യൽ ഉത്തരവാദിത്തങ്ങളിൽനിന്ന് മാറ്റിനിർത്താൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിർദേശം നൽകിയിരുന്നു.

മാര്‍ച്ച് 14 ഹോളി ദിനത്തിലാണ് ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍നിന്നു കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. തീപ്പിടുത്തം ഉണ്ടായതിനെ തുടർന്നാണ് ഫയർഫോഴ്‌സ് ഉദോഗസ്ഥർ ജഡ്ജിയുടെ വീട്ടിൽ എത്തിയത്. നോട്ടുകൂമ്പാരം കണ്ടെത്തിയതിന്റെ വിഡിയോ ദൃശ്യങ്ങളും അന്വേഷണ റിപ്പോർട്ടും സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ആരോപണം നിഷേധിച്ച് യശ്വന്ത് വർമ രംഗത്തുവന്നിരുന്നു. നാടകീയമായ സംഭവ വികാസങ്ങൾക്കിടെ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി, ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയുടെ അന്വേഷണ റിപ്പോർട്ടും വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടത്.

താനോ കുടുംബാംഗങ്ങളോ സ്റ്റോർ മുറിയിൽ പണം സൂക്ഷിച്ചിട്ടില്ല. പ്രതിച്ഛായ കളങ്കപ്പെടുത്താൻ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കത്തിക്കരിഞ്ഞ നോട്ടുകളെന്ന് പറയുന്നതല്ലാതെ തന്നെയോ കുടുംബത്തെയോ കാണിക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ല. കത്തിയ അവശിഷ്ടങ്ങൾക്കിടയിൽ കറൻസി കണ്ടെത്താനായില്ലെന്നും ജസ്റ്റിസ് യശ്വന്ത് വർമ പറഞ്ഞു.

ശനിയാഴ്ച രാത്രി സുപ്രീംകോടതി അസാധാരണ നടപടിയിലൂടെ വെബ്സൈറ്റിൽ സംഭവവുമായി ബന്ധപ്പെട്ട ഫോട്ടോ, വിഡിയോ ദൃശ്യങ്ങളും ആഭ്യന്തര അന്വേഷണ റിപ്പോർട്ടും അപ് ലോഡ് ചെയ്തിരുന്നു. ആരോപണങ്ങളിൽ കഴമ്പുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്. അഞ്ചോളം ചാക്കുകളിലായി കരിഞ്ഞ നോട്ടുകൾ കണ്ടെടുത്തതായി പരാമർശിക്കുന്ന റിപ്പോർട്ടിൽ ജസ്റ്റിസ് വർമയുടെ മറുപടിയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2

Tags:    
News Summary - Justice Yashwant Varma stripped of judicial work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.