വീട്ടിലിരുന്ന് കോവിഡിനോട് 'ഗുഡ് ബൈ' പറഞ്ഞ് 105കാരിയായ കമലമ്മ

ബംഗളൂരു: പ്രായമായവരിൽ കോവിഡ് ഗുരുതരമായി ബാധിക്കുമെന്ന ആശങ്കകൾക്കിടെയും നൂറുവയസ്സിന് മുകളിലുള്ളവർ വരെ കോവിഡിനെ തോൽപിച്ച പോസിറ്റിവ് വാർത്തകൾ ഒരുപാടുണ്ട്. എന്നാൽ, ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ നിരീക്ഷണത്തിലിരുന്ന് കോവിഡിനോട് ഗുഡ് ബൈ പറഞ്ഞാണ് കർണാടക കൊപ്പാൾ ജില്ലയിലെ കമലമ്മ ലിംഗനഗൗഡ ഹിരെഗൗഡ എന്ന 105കാരി എല്ലാവരെയും ഞെട്ടിച്ചത്.

കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും രോഗനിർണയം നേരത്തെ നടത്തി കൃത്യമായ ശുശ്രൂഷയിലൂടെ രോഗത്തെ തോൽപിക്കാനാകുമെന്നും തെളിയിച്ചിരിക്കുകയാണ് കമലമ്മ. ഒരാഴ്ച മുമ്പാണ് കൊപ്പാൾ ജില്ലയിലെ കാടരാകി ഗ്രാമത്തിലെ കമലമ്മക്ക് കോവിഡ് സ്ഥിരീകരിച്ചത്.

പനിയൊഴികെ മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മുൻകരുതലായി ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും കമലമ്മ വിസമ്മതിച്ചു. തുടർന്ന് ഗ്രാമത്തിലെ വീട്ടിൽനിന്നും കൊപ്പാൽ ടൗണിലെ മകനായ ശങ്കര ഗൗഡയുടെ വീട്ടിൽ കമലമ്മ നിരീക്ഷണത്തിലായി. കൊച്ചുമകനും ഡോക്ടറുമായ ശ്രീനിവാസാണ് വീട്ടുനിരീക്ഷണത്തിലുള്ള കമലമ്മക്കാവശ്യമായ മരുന്നും മറ്റു നിർദേശങ്ങളും നൽകിയത്.

സാധാരണപോലെ റാഗി മുദ്ദയും ചോറുമൊക്കെ തന്നെയായിരുന്നു കമലമ്മയുടെ ഭക്ഷണം. ഇതോടൊപ്പം ഗുളികകളും നൽകി. ഏഴു ദിവസത്തെ നിരീക്ഷണത്തിനുശേഷം നടത്തിയ പരിശോധന ഫലം നെഗറ്റിവായി. ഇതോടെ നിരീക്ഷണം പൂർത്തിയാക്കി കമലമ്മ ഗ്രാമത്തിലെ വീട്ടിലേക്കുതന്നെ മടങ്ങി.

രാജ്യത്തുതന്നെ കോവിഡ് പോസിറ്റിവായി വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ് രോഗമുക്തി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തികളിലൊരാളായി മാറിയിരിക്കുകയാണ് കമലമ്മ. കോവിഡ് പോസിറ്റിവാണെന്നറിഞ്ഞിട്ടും തളരാത്ത മനസ്സും വാർധക്യകാലത്തെ മറ്റു അസുഖങ്ങളൊന്നും ഇല്ലാത്തതും ഉയർന്ന പ്രതിരോധ ശേഷിയുമാണ് കമലമ്മക്ക് കോവിഡിനെ തോൽപിക്കാൻ കരുത്തായതെന്ന് കൊച്ചുമകനും ഡോക്ടറുമായ ശ്രീനിവാസ് പറയുന്നു. കൊപ്പാൽ ജില്ലയിൽ 8000ത്തിലധികം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 182 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.