മുംബൈ: വിഖ്യാത മോഹിനിയാട്ട, കഥകളി നര്‍ത്തകിയും കോറിയോഗ്രാഫറുമായ ഡോ. കനക് റെലെ (85) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ആഴ്ചയോളം ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 7.30 ഓടെ ആയിരുന്നു അന്ത്യം. മോഹിനിയാട്ടത്തിന്റെ ഖ്യാതി ലോകതലത്തിലെത്തിച്ച കനക് റെലെയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
1937 ജൂൺ 11ന് ഗുജറാത്തില്‍ ജനിച്ച കനക് റെലെയുടെ ബാല്യകാലം കൊല്‍ക്കത്തയിലെ ശാന്തിനികേതനിലായിരുന്നു. അവിടെവെച്ചാണ് നൃത്തകലയിൽ ആകൃഷ്ടയായത്. ഏഴാം വയസ്സില്‍ ഗുരു കരുണാകരപ്പണിക്കരുടെ കീഴിൽ കഥകളിയും കലാമണ്ഡലം രാജലക്ഷ്മിയുടെ കീഴില്‍ മോഹിനിയാട്ടവും പരിശീലിച്ചു. മോഹിനിയാട്ടത്തിൽ കുഞ്ചുക്കുട്ടിയമ്മ, ചിന്നമ്മുവമ്മ, കല്യാണിക്കുട്ടിയമ്മ എന്നിവരും ഗുരുക്കന്മാരാണ്. മുംബൈയില്‍നിന്ന് നിയമബിരുദവും മാഞ്ചസ്റ്റര്‍ സർവകലാശാലയില്‍നിന്ന് രാജ്യാന്തര നിയമത്തിൽ ഡിപ്ലോമയും നേടിയെങ്കിലും റെലെ തന്റെ ജീവിതം മോഹിനിയാട്ടത്തിന് സമർപ്പിക്കുകയായിരുന്നു. നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്തകല മഹാ വിദ്യാലയത്തിലെന്റെ സ്ഥാപക പ്രിൻസിപ്പലുമായിരുന്നു.
മോഹിനിയാട്ടം; ദ ലിറിക്കല്‍ ഡാന്‍സ്, ഭാവനിരൂപണ, എ ഹാന്‍ഡ്ബുക്ക് ഓഫ് ഇന്ത്യന്‍ ഡാന്‍സ് ടെര്മിനോളജി എന്നീ ഗ്രന്ഥങ്ങൾ രചിച്ചു. യതീന്ദ്ര റെലെ ആണ് ഭര്‍ത്താവ്. മകൻ: രാഹുല്‍. മരുമകൾ: ഉമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.