കന്നട സംസാരിച്ച ലോറി ഡ്രൈവർക്കുനേരെ മഹാരാഷ്​​ട്രയിൽ ആക്രമണം

ബംഗളൂരു: കന്നട സംസാരിച്ച ലോറി ഡ്രൈവർക്കുനേരെ മഹാരാഷ്​​ട്രയില്‍ ആക്രമണം. ആറംഗ സംഘം ആക്രമിച്ചെന്നാണ്​ പരാതി. ബെളഗാവി ജില്ലയുമായി ബന്ധപ്പെട്ട് കർണാടകയിലെയും മഹാരാഷ്​​ട്രയിലെയും നേതാക്കൾ വാക്​പോര് തുടരുന്നതിനിടെയാണ് ആക്രമണ സംഭവം. തുമകുരു സ്വദേശിയായ ഗോവിന്ദ (32) നാണ് വെള്ളിയാഴ്ച രാത്രിയോടെ മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് ഇയാള്‍ ട്രക്കുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ പ്രതിഷേധവുമായി കന്നട സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്​​ട്ര- കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന സത്താറ ടോള്‍ഗേറ്റിന് സമീപമാണ് സംഭവം. അഹമ്മദാബാദില്‍ നിന്ന് ബംഗളൂരുവിലേക്ക് ചരക്കുമായി വരുകയായിരുന്നു ഗോവിന്ദ. ടോള്‍ ഗേറ്റിന് സമീപമെത്തിയപ്പോള്‍ പൊലീസുകാരെന്ന് പരിചയപ്പെടുത്തിയ ആറംഗ സംഘം ലോറി തടഞ്ഞു. തുടര്‍ന്ന് രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഗോവിന്ദ കന്നട സംസാരിച്ചതോടെ മറാത്തിയില്‍ സംസാരിക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടു. എന്നാൽ, കന്നട മാത്രമേ തനിക്ക് അറിയുവെന്ന് പറഞ്ഞപ്പോള്‍ ആറംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഗോവിന്ദ് പരാതിയിൽ പറയുന്നത്.

മര്‍ദ്ദനം തുടര്‍ന്നതോടെ ട്രക്കുപേക്ഷിച്ച് ഗോവിന്ദ ഓടിരക്ഷപ്പെട്ടു. പിന്നീട് പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച രാത്രിയോടെ നാലുപേരെ പിടികൂടിയതായി അത്താനി ഡി.വൈ.എസ്.പി ഗിരീഷ് പറഞ്ഞു. മറ്റുള്ളവര്‍ ഒളിവിലാണെന്നും ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കന്നട അനുകൂല സംഘടനകള്‍ ആവശ്യപ്പെട്ടു.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന്​ കന്നട സംഘടന നേതാവ് അശോക് ചന്ദ്രഗി പറഞ്ഞു. ബെളഗാവി ജില്ലയിലെ മറാത്ത സംസാരിക്കുന്നവർ കൂടുതലായുള്ള പ്രദേശങ്ങൾ ഉൾപ്പെടെ മഹാരാഷ്​​ട്രയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെയാണ് അക്രമ സംഭവം നടക്കുന്നത്.

Tags:    
News Summary - Kannada speaking lorry driver attacked in Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.