ന്യൂഡൽഹി: റിപബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്കിടെ അക്രമ സംഭവങ്ങൾ അരങ്ങേറിയതിൽ ദുരൂഹതയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിപൽ. പൊലീസ് നോക്കിനിൽക്കേ, പൈതൃക കേന്ദ്രമായ ചെേങ്കാട്ട പിടിച്ചെടുക്കുകയും കൊടി ഉയർത്തുകയും ചെയ്തു. എന്നാൽ, ചെങ്കോട്ടയിലെത്തിയവരെ തടയാൻ ആരും തയാറായില്ല. ഇതിന് പിന്നിൽ കൃത്യമായ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതിയായ അനുവാദമില്ലാതെ ആർക്കും ചെേങ്കാട്ടയിൽ പ്രവേശിക്കാൻ കഴിയില്ല. എന്നാൽ അവർ നേരെ െചങ്കോട്ടയിലെത്തി. ആരും തടഞ്ഞില്ലെന്ന് അവർ തന്നെ പറയുന്നു. കർഷക പ്രക്ഷോഭത്തെ വഴിതിരിച്ചുവിടാൻ ധാരാളം ഇത്തരം ഗൂഡാലോചനകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ചെങ്കോട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വീഴ്ചയെ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ചെങ്കോട്ടയിൽ പ്രവേശിക്കാൻ ആഭ്യന്തര മന്ത്രാലയം അനുവാദം നൽകുകയായിരുന്നുവെന്നായിരുന്നു വിമർശനം. കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണ് പോംവഴിയെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
നിലവിൽ കർഷക പ്രക്ഷോഭം നടക്കുന്ന ഡൽഹിയിലെ സിംഘു, ഗാസിപൂർ, ടിക്രി അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. കൂറ്റൻ കോൺക്രീറ്റ് ബാരിക്കേഡുകൾ ഉപയോഗിച്ച് അതിർത്തി മുഴുവനും അടച്ചു. വൻ പൊലീസ് സന്ന്യാഹത്തെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ജനുവരി 31 വരെയാണ് നിർത്തിവെച്ചിരിക്കുന്നത്. റിപബ്ലിക് ദിനത്തിലെ സംഭവങ്ങൾക്ക് ശേഷം പൊലീസിന്‍റെയും ആർ.എസ്.എസ് ഗുണ്ടകളുടെയും നേതൃത്വത്തിൽ കർഷകരെ ഒഴിപ്പിക്കാൻ ശ്രമം നടന്നിരുന്നു. തുടർന്ന് ഗാസിപൂരിലും സിംഘുവിലും അക്രമ സംഭവങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.