സ്കൂളിൽവെച്ച് ഹൃദയാഘാതം; കർണാടകയിൽ എട്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

ചാമരാജനഗർ: കർണാടകയിൽ എട്ട് വയസ്സുകാരിക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. ചാമരാജനഗറിലെ സെന്റ് ഫ്രാൻസിസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്. അധ്യാപികയെ നോട്ട്ബുക്ക് കാണിക്കുന്നതിനിടെ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അതേസമയം കുട്ടിക്ക് ഹൃദയ സംബന്ധിയായ മറ്റ് അസുഖങ്ങൾ യാതൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞയാഴ്ച, ഉത്തർപ്രദേശിലെ അലിഗഡിലെ സ്‌കൂളിൽ കായിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് നാല് വയസ്സുള്ള ആൺകുട്ടി മരിച്ചിരുന്നു. കൂട്ടുകാരോടൊപ്പം സ്‌കൂൾ ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടിയതിന് തൊട്ടുപിന്നാലെയാണ് കുട്ടി കുഴഞ്ഞുവീണത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമാനമായ മറ്റൊരു സംഭവത്തിൽ സെപ്റ്റംബറിൽ ഉത്തർപ്രദേശിലെ ലഖ്‌നോയിൽ ഒമ്പത് വയസ്സുകാരി സ്‌കൂളിൽ കളിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചിരുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം ചെറുപ്പക്കാർക്കിടയിലെ ഹൃദയാഘാത കേസുകൾ വർധിച്ചതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ അത്യാഹിത വിഭാഗത്തിൽ ഹൃദയാഘാത കേസുകളിൽ 15-20 ശതമാനം വർധനയുണ്ടായി. ചെറുപ്പക്കാർക്കിടയിൽ, പ്രത്യേകിച്ച് 25 വയസും അതിനുമുകളിലും പ്രായമുള്ളവരിൽ ആശങ്കാജനകമായ തോതിലാണ് ഹൃദയാഘാതനിരക്ക് ഉയരുന്നത്.

ജീവിതശൈലി രോഗങ്ങൾ, വായു മലിനീകരണം, സമ്മർദം, തീവ്രമായ വ്യായാമങ്ങൾ, സ്റ്റിറോയിഡ് ഉപയോഗം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിന് കാരണമാകുന്നുണ്ട്. ഇന്ത്യക്കാർ ജനിതകപരമായി ഹൃദയാഘാതത്തിന് സാധ്യതയുള്ളവരാണെന്നും പാശ്ചാത്യ ജീവിതശൈലികൾ കൂടുതലായി സ്വീകരിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - Karnataka: 8-year-old student dies of heart attack in Chamarajanagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.