ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലത്തിന് അനുസൃതമായി ദേശീയതലത്തിൽ ഐക്യത്തിന്റെ ശക്തിപ്രകടനത്തിനുള്ള ഒരുക്കത്തിൽ പ്രതിപക്ഷം. കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കുന്നവരെയും അല്ലാത്തവരെയും പൊതുവേദിയിൽ ഒന്നിച്ചുകൊണ്ടുവരാനാണ് ശ്രമം.
കർണാടക ഫലം ഐക്യനീക്കത്തിൽ നിർണായകമാകും.ജനതാദൾ-യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ മുന്നിട്ടിറങ്ങിയ അനുനയ ദൗത്യങ്ങൾ ഒരു ഘട്ടംകൂടി പിന്നിട്ടിരിക്കെ, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബി.ആർ.എസ്, ആം ആദ്മി പാർട്ടി, സി.പി.എം തുടങ്ങിയ പാർട്ടികളെ ഒരു വേദിയിൽ കൊണ്ടുവരാനാണ് ശ്രമം.
പ്രാദേശിക പാർട്ടികളുടെ ഐക്യശ്രമങ്ങൾക്ക് കൈത്താങ്ങ് നൽകുകയും അതിലൊരാളെ നേതാവായി മുന്നിൽനിർത്തി പിന്തുണ നൽകുകയും വേണമെന്നാണ് കോൺഗ്രസിന്റെ റോളിനെക്കുറിച്ച് തൃണമൂൽ, സമാജ്വാദി പാർട്ടി, ബി.ആർ.എസ്, ആപ്, സി.പി.എം തുടങ്ങിയ പാർട്ടികളുടെ കാഴ്ചപ്പാട്.
ശക്തിപ്രകടനം ബിഹാറിൽ നടത്തി പ്രതിപക്ഷ മുന്നൊരുക്കങ്ങൾ തുടങ്ങണമെന്ന കാഴ്ചപ്പാട് മമത പ്രകടിപ്പിച്ചിട്ടുമുണ്ട്. സർവേഫലങ്ങൾ കോൺഗ്രസിന്റെ തിരിച്ചുവരവ് പ്രവചിക്കുന്നതിനിടയിൽ, കർണാടകയിലെ ഫലം കോൺഗ്രസിനോടുള്ള പ്രാദേശിക പാർട്ടികളുടെ സമീപനം നിശ്ചയിക്കും.
കർണാടക കോൺഗ്രസ് പിടിച്ചാൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം വേദി പങ്കിടാൻ മമത ബാനർജി, അഖിലേഷ് യാദവ്, ചന്ദ്രശേഖർ റാവു, കെജ്രിവാൾ തുടങ്ങിയവർ തയാറാവുമോ എന്ന അന്വേഷണത്തിലാണ് നിതീഷ്. ബി.ജെ.പിക്കെതിരെ ഒന്നിച്ചുനിൽക്കണമെന്ന വികാരം നിതീഷ് തുടരുന്ന കൂടിക്കാഴ്ചകളിൽ ശക്തമായിട്ടുണ്ട്.
കോൺഗ്രസിന് ശക്തിയുള്ള സ്ഥലങ്ങളിൽ അവരും മറ്റു സ്ഥലങ്ങളിൽ പ്രാദേശിക കക്ഷികളും എന്ന ധാരണയോടെ മത്സരക്കളത്തിൽ സ്ഥാനാർഥിനിർണയത്തിന് വഴിയൊരുക്കണമെന്ന താൽപര്യം ഇതിനിടെ, ബി.ആർ.എസ് പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.