കർണാടകയിൽ ടെൻഡറുകളിൽ മുസ്‌ലിം കോൺട്രാക്ടർമാർക്ക് നാല് ശതമാനം സംവരണം

ബംഗളൂരു: കർണാടകയിൽ നിർമാണ കരാറുകളിൽ മുസ്‍ലിം വിഭാഗങ്ങൾക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്തും. ഇതിനായി കെ.ടി.പി.പി (കർണാടക ട്രാൻസ്​പെരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ്) നിയമ ഭേദഗതിക്ക് മന്ത്രിസഭ അനുമതി നൽകി. രണ്ടുകോടി വരെയുള്ള ടെൻഡറുകളിൽ നാലു ശതമാനം സംവരണം മുസ്‍ലിം വിഭാഗക്കാർക്ക് അനുവദിക്കാനാണ് സർക്കാർ തീരുമാനം. രണ്ടുകോടി വരെയുള്ള കരാറുകളിൽ ​നേരത്തേ എസ്.സി- എസ്.ടി വിഭാഗങ്ങളടക്കമുള്ള രണ്ട് കാറ്റഗറികൾക്ക് സംവരണമുണ്ട്. ഇതേ മാതൃകയിൽ രണ്ട് ബി കാറ്റഗറിയിലെ മുസ്‍ലിം വിഭാഗങ്ങൾക്കും കരാറുകളിൽ സംവരണം ഏർപ്പെടുത്തുമെന്ന് മാർച്ച് ഏഴിന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.

കർണാടകയിലെ സംവരണ പട്ടികയിൽ മുസ്‍ലിം വിഭാഗം മാത്രം ഉൾപ്പെടുന്നതാണ് രണ്ട് ബി കാറ്റഗറി. കാറ്റഗറി ഒന്ന്, കാറ്റഗറി രണ്ട് എ എന്നിവയിൽ ഉൾപ്പെട്ട പട്ടികജാതി (എസ്.സി), പട്ടിക വർഗ (എസ്.ടി)ക്കാർക്ക് നേരത്തേ ഈ സംവരണം അനുവദിച്ചിരുന്നു. 17 മുസ്‍ലിം ഉപ വിഭാഗങ്ങളടക്കം ഏറ്റവും പിന്നാക്കക്കാരായ വിഭാഗങ്ങളാണ് ഒന്നാം കാറ്റഗറിയിലുള്ളത്. താരതമ്യേന പിന്നാക്കക്കാരായ 19 വിഭാഗങ്ങളാണ് രണ്ട് എ കാറ്റഗറിയിലുള്ളത്. എന്നാൽ, രണ്ട് ബി കാറ്റഗറിയിലെ മുസ്‍ലിം വിഭാഗത്തിനുകൂടി സംവരണം അനുവദിക്കാനാണ് കർണാടക സർക്കാറിന്റെ പുതിയ തീരുമാനം.

കെ.ടി.പി.പി ആക്ട് ഭേദഗതി പ്രകാരം, കാറ്റഗറി ഒന്ന്, കാറ്റഗറി രണ്ട് എ, കാറ്റഗറി രണ്ട് ബി വിഭാഗങ്ങൾക്ക് രണ്ടുകോടി വരെയുള്ള കരാറുകളിലും ചരക്കു-സേവന വിതരണത്തിൽ ഒരുകോടി വരെയുള്ള കരാറുകളിലും നാലുശതമാനം സംവരണം ലഭിക്കും. ​കെ.ടി.പി.പി ആക്ട് ഭേദഗതിക്കായി മുസ്‍ലിം എം.എൽ.എമാരും എം.എൽ.സിമാരും മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് ഇത് ബജറ്റിലുൾപ്പെടുത്തിയതും ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതും.

കോൺഗ്രസ് സർക്കാറിന്റേത് ‘ഹലാൽ ബജറ്റാ’ണെന്ന ബി.ജെ.പി കാമ്പയിനിടെയാണ്, വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം സംവരണത്തിന് അനുമതി നൽകിയത്. തിങ്കളാഴ്ച നിയമസഭയുടെ നടപ്പുസമ്മേളനത്തിൽ കെ.ടി.പി.പി നിയമ ഭേദഗതി ബിൽ അവതരിപ്പിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

Tags:    
News Summary - Karnataka Cabinet approves 4% quota for Muslim contractors under KTPP act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.