ശിവമോഗക്ക് പിന്നാലെ കർണാടകയിലെ കൂടുതൽ ക്ഷേത്രോത്സവങ്ങളിൽ മുസ്ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തുന്നു

ബെംഗളൂരു: കർണാടകയിലെ വിവിധ ക്ഷേത്രോത്സവങ്ങളിൽ നിന്ന് മുസ്ലിം വ്യാപാരികളെ വിലക്കിയതായി റിപ്പോർട്ട്. സംസ്ഥാനത്തെ തീവ്രഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് ഉത്സവങ്ങളിൽ കടകൾ നടത്താന്‍ മുസ്ലിംകളെ അനുവദിക്കാത്തതെന്ന് ക്ഷേത്ര ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ശിവമോഗയിലെ കോട്ടെ മാരികംബ ഉത്സവത്തിൽ നിന്ന് മുസ്ലീം വ്യാപാരികളെ വിലക്കിയത് വലിയ വാർത്തയായിരുന്നു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുള്ള കർണാടക ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് മാർച്ച് 17 ന് നിരവധി മുസ്‌ലിം വ്യാപാരികൾ കടകൾ അടച്ചിട്ടിരുന്നു. ഇത്തരത്തിൽ ഹിജാബ് നിരോധനത്തിനെതിരെ മുസ്‌ലിംകൾ പ്രതിഷേധം നടത്തിയതാണ് തീവ്ര ഹിന്ദുത്വ സംഘടനകളെ പ്രകോപിതരാക്കിയത്.

ഹിജാബ് കേസിലെ ഹൈക്കോടതി വിധി മാനിക്കാത്ത മുസ്ലീംകളെ ഉത്സവത്തിൽ വ്യാപാരം നടത്താന്‍ അനുവദിക്കരുതെന്ന് ഹിന്ദുത്വ സംഘടനകൾ ആവശ്യപ്പെട്ടതായി മംഗളൂരുവിലെ ഹോസ മാരിഗുഡി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രമേഷ് ഹെഗ്‌ഡെ പറഞ്ഞു. ലക്ഷത്തിലധികം പേർ ഉത്സവം കാണാനെത്തുമെന്നതിനാൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരികാനാണ് അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ കർണാടകയിലെ ബപ്പണ്ടു ദുർഗാപരമേശ്വരി ക്ഷേത്രം, മംഗളാദേവി ക്ഷേത്രം, പുത്തൂർ മഹാലിംഗേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങളിൽ അഹിന്ദുക്കൾ സ്റ്റാളുകൾ സ്ഥാപിക്കുന്നത് വിലക്കികൊണ്ട് ബാനറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭരണഘടനാ വിരുദ്ധർക്കും കന്നുകാലികളെ കൊല്ലുന്നവർക്കും ഉത്സവത്തിൽ പങ്കെടുക്കാന്‍ അനുവാദമില്ലെന്നാണ് ബാനറുകളിൽ സൂചിപ്പിക്കുന്നത്.

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി വ്യാപാരമേഖലയിൽ വലിയ പ്രതിസന്ധിയാണ് നേരിട്ടതെന്നും എല്ലാമൊന്ന് ശരിയായി വരുന്ന ഈ സമയത്ത് ക്ഷേത്ര കമ്മിറ്റികൾ ഉത്സവങ്ങളിൽ നിന്ന് മുസ്ലിംകളെ ഒഴിവാക്കുന്നത് ശരിയല്ലെന്നും വ്യാപാര അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് ആരിഫ് അഭിപ്രായപ്പെട്ടു. വർഷങ്ങളായി മുസ്ലീംവ്യാപാരികൾ ഉത്സവങ്ങളിൽ കടകൾ നടത്താറുണ്ടെന്നും ഇതാദ്യമായാണ് വിലക്ക് ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Karnataka: Muslim traders banned from having stalls at several temple fairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.