ബംഗളൂരു: കർണാടകയിൽ ക്രിസ്ത്യൻ വൈദികനു നേരെ ആക്രമണ ശ്രമം. വടക്കൻ കർണാടകയിലെ ബെളഗാവിയിൽ വടിവാളുമായി എത്തിയ ആക്രമിയിൽനിന്ന് വൈദികൻ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. വീടിന് മുന്നിൽ വടിവാളുമായി എത്തിയ യുവാവാണ് വൈദികനെ ആക്രമിക്കാൻ ശ്രമിച്ചത്.
ശനിയാഴ്ച രാത്രി ബെളഗാവിയിലെ സെൻറ് ജോസഫ്‌സ് ദ വര്‍ക്കര്‍ ചര്‍ച്ച് വികാരി ഫാ. ഫ്രാന്‍സിസ് ഡിസൂസക്കുനേരെയാണ് ആക്രമണശ്രമം ഉണ്ടായത്. പള്ളിയോട് ചേർന്ന് വൈദികൻ താമസിക്കുന്ന വീട്ടിലാണ് സംഭവം. രാത്രിയിൽ നായ് കുരക്കുന്ന ശബ്ദം കേട്ട് വൈദികൻ കോണിപ്പടി ഇറങ്ങുന്നതിനിടെ വാളുമായെത്തിയയാൾ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട വൈദികൻ ഓടി രക്ഷപ്പെട്ടു. ഇതോടെ ആക്രമി മതിൽ ചാടി കടന്നുകളഞ്ഞു.
വടിവാളുമായെത്തിയ ആൾ വൈദികനെ പിന്തുടരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പിന്നീട് ലഭിച്ചു. ഇയാൾ നേരത്തെ വീട്ടിൽ കടന്ന് ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായാണ് കരുതുന്നതെന്നും പൊലീസ് കമീഷണർ കെ ത്യാഗരാജൻ പറഞ്ഞു. പ്രാഥമിക വിവരമനുസരിച്ച് ആക്രമണത്തിന് രാഷ്ട്രീയ ബന്ധമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കർണാടകയിലെ കോളാറിൽ ഒരു സംഘമാളുകൾ ബൈബിളടക്കമുള്ള ക്രിസ്ത്യൻ ഗ്രന്ഥങ്ങൾ പിടിച്ചെടുത്തു കത്തിച്ചു. മത പ്രബോധന പ്രവർത്തനവുമായി ആളുകളോട് സംസാരിക്കുകയായിരുന്ന വൈദികരടക്കമുള്ള സംഘത്തിൽ നിന്ന് പിടിച്ചെടുത്താണ് മതഗ്രന്ഥങ്ങൾ കത്തിച്ചതെന്ന് അക്രമികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കർണാടകയിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുമെന്ന ബിജെ.പി സർക്കാറിന്‍റെ പ്രഖ്യാപനത്തിനിടെ ക്രിസ്ത്യൻ സമൂഹത്തിന് നേരെയുള്ള ആക്രമണം വർധിച്ചിട്ടുണ്ട്.
നവംബറില്‍ ബെളഗാവിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ പ്രാര്‍ഥനായോഗം തടസ്സപ്പെടുത്തിയിരുന്നു. മതപരിവർത്തന നിരോധന നിയമം നടപ്പാക്കാനുള്ള നീക്കത്തിനുശേഷം സംസ്ഥാനത്ത് ക്രിസ്ത്യൻ വിഭാഗത്തിനുനേരെയുള്ള ആക്രമണം വർധിച്ചുവെന്ന കണക്കുകൾ പൗരാവകാശ സംഘടനകൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ബെളഗാവിയിൽ വൈദികനുനേരെ ആക്രമണശ്രമം നടന്നത്. 12 മാസത്തിനിടെ 38 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ബെളഗാവിയിൽ നടക്കുന്ന നിയമസഭ ശീതകാല സമ്മേളനത്തിൽ മതപരിവർത്തന നിരോധന ബിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.