ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച പെൺകുട്ടിയുമായി മകൻ ഒളിച്ചോടിയതിന്റെ പേരിൽ സ്ത്രീക്ക് ക്രൂര മർദനം. പെൺകുട്ടിയുടെ കുടുംബമാണ് ആക്രമണത്തിന് പിന്നിൽ. സ്ത്രീയെ ആക്രമിച്ച് നഗ്നയായി നടത്തിക്കുകയും വൈദ്യുത തൂണിൽ കെട്ടിയിടുകയും ചെയ്തു. പെൺകുട്ടി ഒളിച്ചോടിയതിനു പിന്നാലെ ബന്ധുക്കൾ യുവാവിന്റെ ഗ്രാമത്തിലെത്തി വീട് ആക്രമിച്ചിരുന്നു.അതിനു ശേഷമാണ് യുവാവിന്റെ അമ്മയെ ആക്രമിച്ചത്. പൊലീസ് എത്തിയാണ് സ്ത്രീയെ മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ആ ഗ്രാമത്തിലെ അശോകും(24) പ്രിയങ്കയും(18) പ്രണയത്തിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ഇവർ ഒളിച്ചോടിയത്. മറ്റൊരാളുമായി പ്രിയങ്കയുടെ വിവാഹം നിശ്ചയിച്ചിരുന്നു. തുടർന്നാണ് പ്രകോപിതരായ പെൺകുട്ടിയുടെ കുടുംബം യുവാവിന്റെ കുടുംബത്തെ ആക്രമിച്ചത്.
കുറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അങ്ങേയറ്റം മനുഷ്യത്വ രഹിതമായ നടപടിയാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു. ''സമൂഹത്തെ മുഴുവൻ നാണക്കേടിലാക്കുന്ന പ്രവൃത്തിയാണിത്. ഇത്തരം ഹീനമായ പ്രവൃത്തികൾ ഒരു കാരണവശാലും സർക്കാർ വെച്ചുപൊറുപ്പിക്കില്ല. കേസുമായി ബന്ധപ്പെട്ട് നിരവധി പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കുറ്റവാളികൾ കർശനമായി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കും. കുടുംബത്തിന് നീതി ലഭ്യമാക്കുക എന്നത് ഞങ്ങളുടെ പൂർണ ഉത്തരവാദിത്തമാണ് ''-അദ്ദേഹം എക്സിൽ കുറിച്ചു.
അതിക്രമം നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്നു യുവാവിന്റെ അമ്മ. 10-15 അംഗങ്ങൾ അക്രമസംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. സ്ത്രീയെ രക്ഷപ്പെടുത്തിയ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാടുവിട്ട കമിതാക്കളെ തിരികെ കൊണ്ടുവരാനും പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.