കര്‍ഫ്യൂ തുടരുന്നു; ശ്രീനഗറില്‍ അഞ്ച് ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: കുല്‍ഗാം ജില്ലയിലും ശ്രീനഗറിലും സുരക്ഷാസേന നടത്തിയ തിരച്ചിലില്‍ ഭീകരരെന്ന് സംശയിക്കുന്ന അഞ്ചുപേര്‍ പിടിയിലായി.  ഒരു പൊലീസുകാരനും പിടിയിലായി.  ശ്രീനഗറിലെ ബതമാലൂ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നാണ് ലശ്കര്‍ സംഘത്തില്‍പെട്ടവരെന്ന് സംശയിക്കുന്ന അഞ്ചുപേര്‍ പിടിയിലായത്.
ഇവരില്‍നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. അറസ്റ്റിലായ പൊലീസുകാരന്‍ കുപ്വാര ജില്ലയിലെ കര്‍ന സ്വദേശിയാണ്. കുല്‍ഗാമിലെ വംപോറയില്‍നിന്നാണ് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരനായ മറ്റൊരാള്‍ അറസ്റ്റിലായത്. അറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.  രഹസ്യ വിവരത്തെതുടര്‍ന്നാണ് സൈന്യം അന്വേഷണം നടത്തിയത്.

കുപ്വാര ജില്ലയിലെ താങ്ധര്‍ മേഖലയില്‍ നുഴഞ്ഞുകയറിയ ഭീകരരെ കണ്ടത്തൊനുള്ള തിരച്ചിലിനിടെ കൊല്ലപ്പെട്ട ജവാന്‍ സന്ദീപ് സിങ് റാവത്തിന് സൈന്യം ആദരാഞ്ജലിയര്‍പ്പിച്ചു. 21കാരനായ റാവത്ത് ഡെറാഡൂണ്‍ സ്വദേശിയാണ്. മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ ശനിയാഴ്ച നാട്ടില്‍ സംസ്കരിക്കും.
താങ്ധറില്‍ തിരച്ചില്‍ നടത്തവെ റാവത്തിന് ഭീകരരുടെ വെടിയേല്‍ക്കുകയായിരുന്നു. അടിയന്തര പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് ഹെലികോപ്ടറില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.

അതിനിടെ, അതിര്‍ത്തിയിലെ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക് സൈന്യം നടത്തുന്ന കനത്ത ഷെല്ലാക്രമണം തുടരുന്നു. നാല് ദിവസത്തിനിടെ ആറു വയസ്സുകാരനടക്കം രണ്ടുപേര്‍ കൊല്ലപ്പെടുകയും  24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  60 കന്നുകാലികളും ചത്തു.  200 എണ്ണത്തിന് പരിക്കേറ്റിട്ടുണ്ട്.  
അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്ത  നിരവധി വീടുകളാണ് ഷെല്ലാക്രമണത്തില്‍ തകര്‍ന്നത്. രാത്രിയാണ് അതിര്‍ത്തിക്കപ്പുറത്തുനിന്ന് ആക്രമണം നടക്കുന്നതെന്നും വീടുകളെയും കന്നുകാലികളെയും ലക്ഷ്യമിട്ടാണ് പാക് സൈന്യം വെടിയുതിര്‍ക്കുന്നതെന്നും  സുചേത്നഗര്‍ ഗ്രാമത്തിലെ സുഭാഷ് ചന്ദര്‍ പറഞ്ഞു.

ഷെല്‍ വീട്ടുമുറ്റത്തുവീണ് പൊട്ടിത്തെറിച്ച് സുഭാഷിന്‍െറ കുടുംബത്തിലെ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു. ആര്‍.എസ് പുര, അര്‍നിയ, ഹിരാനഗര്‍, പര്‍ഗ്വാള്‍ മേഖലയിലെ താമസക്കാര്‍ കുടിയൊഴിഞ്ഞ് പോയതായും ഇവരില്‍ പലരും സുരക്ഷിത സ്ഥലങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നതായും അദ്ദേഹം പറഞ്ഞു.

ശ്രീനഗര്‍ നൗഹട്ടയിലെ ജാമിയ മസ്ജിദിലേക്ക് വിഘടനവാദികള്‍ ശനിയാഴ്ച മാര്‍ച്ചിന് ആഹ്വാനം ചെയ്തതിനാല്‍ ശ്രീനഗറിലെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.  എന്നാല്‍, കശ്മീരില്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വിലക്കില്ല.  അതേസമയം ആളുകള്‍ കൂട്ടംചേരുന്നത് 144ാം വകുപ്പ് പ്രകാരം നിരോധിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ ഇതുവരെ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

Tags:    
News Summary - kashmir arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.