ശ്രീനഗർ: പഹൽഗാം ടൂറിസ്റ്റ് റിസോർട്ടിലെ ക്രൂരമായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് 35 വർഷത്തിനിടെ ആദ്യമായി കശ്മീർ താഴ്‌വരയിൽ ബുധനാഴ്ച ബന്ദ് ആചരിക്കുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് നിരവധി രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക-മത സംഘടനകൾ, വ്യാപാര സംഘടനകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവർ കശ്മീരിൽ ബന്ദിന് ആഹ്വാനം ചെയ്തു.
ആക്രമണത്തിൽ പ്രതിഷേധിച്ച് നടന്ന ബന്ദിനെ ഭരണകക്ഷിയായ നാഷനൽ കോൺഫറൻസ് (എൻ.സി), പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി), പീപ്പിൾസ് കോൺഫറൻസ്, അപ്നി പാർട്ടി എന്നിവ പിന്തുണച്ചു. കശ്മീർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്, കശ്മീർ ട്രേഡേഴ്‌സ് ആൻഡ് മാനുഫാക്‌ചറേഴ്‌സ് ഫെഡറേഷൻ എന്നിവയുൾപ്പെടെയുള്ള കശ്മീരിലെ വ്യാപാര, ടൂറിസം സംഘടനകളും ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ചൊവ്വാഴ്ച തെക്കൻ കശ്മീരിലെ പഹൽഗാമിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ശ്രീനഗറിലെ മിക്ക കടകളും ഇന്ധന പമ്പുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടതായി അധികൃതർ പറഞ്ഞു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമേ നഗരത്തിലുടനീളം തുറന്നിട്ടുള്ളൂ. പൊതുഗതാഗതവും കുറവായിരുന്നു, പക്ഷേ സ്വകാര്യ വാഹനങ്ങൾ സാധാരണപോലെ ഓടുന്നുണ്ട്. താഴ്‌വരയിലെ സ്വകാര്യ സ്‌കൂളുകൾ അടച്ചിട്ടിരുന്നെങ്കിലും സർക്കാർ സ്‌കൂളുകൾ തുറന്നിരുന്നതായി അധികൃതർ പറഞ്ഞു. താഴ്‌വരയിലെ ജില്ലാ ആസ്ഥാനങ്ങളിലും അടച്ചുപൂട്ടലിന്റെ പ്രതീതിയായിരുന്നു. അതിനിടെ, താഴ്‌വരയിലെ പല സ്ഥലങ്ങളിലും സമാധാനപരമായ പ്രതിഷേധങ്ങൾ നടന്നു, ആക്രമണത്തെ അപലപിച്ച് പ്രതിഷേധക്കാർ രംഗത്തെത്തി. നിരപരാധികളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു. കൊല്ലപ്പെട്ട ഇരകളോടും കുടുംബങ്ങളോടുമുള്ള ആദരവിന്റെയും ഐക്യദാർഢ്യത്തിന്റെയും അടയാളമായി ജമ്മു-കശ്മീരിലെ സ്വകാര്യ സ്കൂൾ അസോസിയേഷൻ ബുധനാഴ്ച എല്ലാ സ്വകാര്യ സ്കൂളുകളും അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. അതിനിടെ, കശ്മീർ സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
കശ്മീർ താഴ്‌വരയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.