കാശ്മീർ: കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം ജമ്മു കശ്മീർ ലഫ്റ്റനെന്‍റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്‍റെ കൊലപാതകത്തിൽ പ്രതിഷേധ സമരം നടത്തുന്നവരാണ് സിൻഹയുമായി കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചക്ക് ശേഷം അവരുടെ പരാതികൾ പരിശോധിക്കുമെന്ന് സിൻഹ ഉറപ്പ് നൽകി. എന്നാൽ തിരികെ ജോലിയിൽ പ്രവേശിക്കില്ലെന്നും തങ്ങളെ ജമ്മുവിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.
ഈ ഭരണകൂടം അതിന്റെ ജീവനക്കാരുടെ ക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണ്. യാതൊരു വിദ്വേഷത്തിന്‍റെയും ആവശ്യമില്ല. പ്രശ്നങ്ങളെല്ലാം നല്ല നിലയിൽ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും സിൻഹ പറഞ്ഞു.
സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഓഫീസിൽ വെച്ച് മെയ് 12 നാണ് രാഹുൽ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊന്നത്. അന്നുമുതൽ 4,000 കശ്മീരി പണ്ഡിറ്റ് ജീവനക്കാർ തങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിലുള്ള ഭരണകൂടത്തിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച് താഴ്‌വരയിൽ പ്രതിഷേധം നടത്തുകയാണ്. പ്രധാനമന്ത്രിയുടെ പ്രത്യേക തൊഴിൽ പാക്കേജിന്റെ ഭാഗമായി താഴ്‌വരയിലേക്ക് മടങ്ങിയ പണ്ഡിറ്റ് ജീവനക്കാർ രാഹുൽ ഭട്ടിന്റെ കൊലപാതകത്തിന് ശേഷം കശ്മീരിൽ തങ്ങൾ സുരക്ഷിതരല്ലെന്ന് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.