ബംഗളൂരു: തമിഴ്നാടിന് കർണാടക 5000 ഘനയടി കാവേരി ജലം വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി (സി.ഡബ്ല്യു.എം.എ) ഉത്തരവിനെതിരെ ബംഗളൂരുവിൽ വിവിധ സംഘടനകൾ ആഹ്വാനംചെയ്ത ബന്ദ് ഇന്ന്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്. ബന്ദിന് അനുമതി നൽകിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ് അറിയിച്ചു.
അതേസമയം കന്നഡ അനുകൂല സംഘടനകൾ വെള്ളിയാഴ്ച കർണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തീവ്ര കന്നഡ പ്രവർത്തകനായ വട്ടാൽ നാഗരാജ് ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ ഇന്ന് നടക്കുന്ന യോഗത്തിൽ വെള്ളം നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളുമെന്നാണ് കർണാടക മന്ത്രിസഭ അറിയിച്ചിരിക്കുന്നത്. കർണാടക ജലസംരക്ഷണ കമ്മിറ്റി പ്രസിഡന്റ് കുറുബുർ ശാന്തകുമാറാണ് ചൊവ്വാഴ്ചത്തെ ബന്ദിന് ആദ്യം ആഹ്വാനം ചെയ്തത്.
വട്ടാൽ നാഗരാജും പിന്നീട് ഇതിന് പിന്തുണ പ്രഖ്യാപിച്ചു. വിവിധ കർഷക സംഘടനകളും ബി.ജെ.പി, ജെ.ഡി.എസ്, ആം ആദ്മി പാർട്ടികളും ബന്ദിന് പിന്തുണയുമായി രംഗത്തുണ്ട്. ഐ.ടി കമ്പനികളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഇന്ന് അവധി പ്രഖ്യാപിക്കാൻ സമരക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കാവേരിജല പ്രശ്നത്തിൽ പ്രത്യേക മന്ത്രിസഭ യോഗം വിളിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11ന് ടൗൺ ഹാൾ മുതൽ മൈസൂരു ബാങ്ക് സർക്കിൾ വരെ പ്രതിഷേധ മാർച്ച് നടത്തും.
ഓൺലൈൻ ടാക്സികളും വിവിധ ഓട്ടോ തൊഴിലാളി സംഘടനകളും ബന്ദിൽ പങ്കെടുക്കുന്നതിനാൽ ഓട്ടോകളും ടാക്സികളും ഓടില്ല. ഇത് വിമാനത്താവളത്തിലേക്കടക്കമുള്ള യാത്രയെ ബാധിക്കും. തങ്ങൾ ബന്ദിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഒല ഉബർ ൈഡ്രവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് തൻവീർ പാഷ പറഞ്ഞു. സംസ്ഥാനത്തിന്റെ മണ്ണ്, ഭൂമി, ജലം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മറ്റൊരു ചിന്തക്ക് വകയില്ലെന്നും സമരത്തിന് പിന്തുണയുമായി ഓട്ടോതൊഴിലാളികൾ റോഡിൽ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പൊതുഗതാഗത സംവിധാനമായ ബി.എം.ടി.സിയും കർണാടക ആർ.ടി.സിയും ബന്ദിന് പിന്തുണ അറിയിച്ചിട്ടുള്ളതിനാൽ ബസ് സർവിസിനെയും ബാധിക്കും. കർണാടക ഫിലിം ഇൻഡസ്ട്രിയുടെയും പിന്തുണയുള്ളതിനാൽ തിയറ്ററുകൾ അടഞ്ഞുകിടക്കും. അതേസമയം, നമ്മ മെട്രോ സർവിസുകൾ പതിവുപോലെ ഉണ്ടാകുമെന്ന് ബാംഗ്ലൂർ മെട്രോ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) അറിയിച്ചു. അവശ്യസേവനങ്ങളായ ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ഫാർമസികൾ, സർക്കാർ ഓഫിസുകൾ എന്നിവ തുറന്നുപ്രവർത്തിക്കും.
റസ്റ്റാറന്റുകളും ഹോട്ടലുകളും ബന്ദിന് ധാർമിക പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ, അവശ്യസേവന മേഖലയായതിനാൽ നഗരത്തിലെ റസ്റ്റാറന്റുകൾ തുറക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. അക്രമസംഭവങ്ങൾ ഒഴിവാക്കാനായി സുരക്ഷ കർശനമാക്കിയതായി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. കർണാടക തമിഴ്നാടിന് 5000 ഘന അടി കാവേരി വെള്ളം നൽകണമെന്ന സി.ഡബ്ല്യു.എം.എ ഉത്തരവുപ്രകാരം വെള്ളം നൽകിത്തുടങ്ങിയിരുന്നു.
എന്നാൽ, സംസ്ഥാനം വൻ വരൾച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്നാടിന് കനത്ത മഴ ലഭിച്ചപ്പോൾ കർണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാൽ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് കർണാടകയുടെ നിലപാട്. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതിയും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.