ഹൈദരാബാദ്: തെലങ്കാനയിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു(കെ.സി.ആർ)വിനെതിരെ വിമർശനവുമായി ബി.ജെ.പി എം.എൽ.എ രാജ സിങ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പരാജയപ്പെട്ടുവെന്നും സാഹചര്യം കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ പദവിയിൽ നിന്ന് രാജി വെക്കണമെന്നും രാജ സിങ് പറഞ്ഞു.
‘‘നാല് കോടി ജനസംഖ്യയുള്ള തെലങ്കാനയിൽ ആർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുവോ അവരെ ഗാന്ധി ആശുപത്രിയിലേക്ക് അയക്കുന്നു. ഏതെങ്കിലും രോഗി കോവിഡ് ബാധിച്ച് മരിച്ചാൽ അവരുടെ ബന്ധുക്കൾ ഡോക്ടർമാരെ ആക്രമിക്കുന്നു. അതിനാൽ ജൂനിയർ ഡോക്ടർമാർ ഇന്ന് സമരം ചെയ്യുകയാണ്. ഇത്തരം സംഭവങ്ങൾ കൂടുതലും ഗാന്ധി ആശുപത്രിയിലാണ് നടക്കുന്നത്. മുഖ്യമന്ത്രി, നിങ്ങൾ ഇതൊന്നും കാണുന്നില്ലേ.? -വിഡിയോ സന്ദേശത്തിൽ രാജ സിങ് ചോദിച്ചു.
‘‘നിങ്ങൾ എവിടെയാണെങ്കിലും പുറത്തു വരൂ. എന്നിട്ട് തെലങ്കാനയിൽ വൈറസ് എങ്ങനെ പടർന്നു പിടിക്കുന്നുവെന്ന് നോക്കൂ. സർക്കാർ ആശുപത്രികൾ പരിശോധിച്ച് രോഗികളെ എങ്ങനെയാണ് ശുശ്രൂഷിക്കുന്നതെന്നും എത്രത്തോളം ഡോക്ടർമാർ ആക്രമിക്കപ്പെടുന്നുവെന്നും എത്ര ജനങ്ങൾ മരിക്കുന്നുവെന്നും നോക്കൂ. നിങ്ങൾക്ക് ഇത് കൈകാര്യം ചെയ്യാൻ സാധിക്കുന്നിെല്ലങ്കിൽ പദവിയിൽ നിന്ന് രാജിവെക്കൂ. അല്ലെങ്കിൽ നിങ്ങളുടെ ഫാം ഹൗസിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്തിറങ്ങി ഡോക്ടർമാർ ആക്രമിക്കപ്പെടുന്ന സർക്കാർ ആശുപത്രികൾ പരിശോധിക്കൂ. ’’ -എം.എൽ.എ കൂട്ടിച്ചേർത്തു.
അതേസമയം, ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെ നടന്ന ആക്രമണങ്ങളെ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടി.പി.സി.സി) ട്രഷറർ ഗുഡുർ നാരായണ റെഡ്ഢി അപലപിച്ചു. ടി.ആർ.എസ് സർക്കാർ ആണ് സംഭവത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘‘മുഖ്യമന്ത്രി കെ.സി.ആറിനും മറ്റ് ടി.ആർ.എസ് നേതാക്കൾക്കും കോവിഡ് 19 കേസുകൾ കേവലം അക്കങ്ങൾ മാത്രമാണ്. പക്ഷെ കോവിഡ് കാരണം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഈ മുഴുവൻ ലോകം തന്നെയാണ് നഷ്ടമായത്. സംസ്ഥാന സർക്കാർ കേവലം സംഖ്യകൾ മാത്രം നോക്കി നിൽക്കാതെ കുടുംബങ്ങളോട് അൽപം സഹാനുഭൂതി കാണിക്കണം.’’ -റെഡ്ഢി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.