ഹൈദരാബാദ്: കെ.സി.ആർ തന്റെ കുടുംബത്തിന്റെ വികസനത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിൽ ആറായിരം കോടിയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
രാജവംശ രാഷ്ട്രീയത്തിനും അഴിമതിക്കും എതിരെ തെലങ്കാനയിലെ ജനങ്ങൾ ജാഗ്രത പാലിക്കണം. ബി.ആർ.എസിനെയും കോൺഗ്രസിനെയും സൂക്ഷിക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. കെ.സി.ആർ സർക്കാർ എന്നാൽ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ എന്നാണ് അർത്ഥം. ഇപ്പോൾ അവരുടെ അഴിമതി ഡൽഹിയിലേക്കും വ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെയുള്ള ഭരണത്തിൽ ബി.ആർ.എസ് സർക്കാർ രാജവംശ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കാനും കേന്ദ്രത്തെ ഭീഷണിപ്പെടുത്താനും മാത്രമാണ് ശ്രമിച്ചത്. ഇത് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനെ ഇല്ലാതാക്കി. ബി.ജെ.പി നയിക്കുന്ന സർക്കാർ ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകുകയും അത് പാലിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജന വിഷയങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബി.ആർ.എസ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
6,100 കോടിയുടെ പദ്ധതികൾക്കാണ് ബി.ജെ.പി സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുന്നത്. 500 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന റെയിൽവേ വാഗൺ നിർമാണ യൂണിറ്റിനും മോദി തറക്കല്ലിട്ടു.
ഈ വർഷം അവസാനത്തോടെയായിരിക്കും തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.