ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പങ്കെടുക്കില്ല. മന്ത്രിയായ തലശനി ശ്രീനിവാസ് ആണ് ഇക്കാര്യം അറിയിച്ചത്. റാവുവിന് പകരം യാദവ് മോദിയെ സ്വീകരിക്കാനെത്തുകയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും.
ഓൺലൈൻ വഴിയാണ് മോദി തെലങ്കാനയിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുക. റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതി വാതകം, ഉന്നത വിദ്യാഭ്യാസം തുടങ്ങി 13,500 കോടി രൂപയുടെ പദ്ധതികളുാണ് ഉദ്ഘാടനം ചെയ്യുന്നത്. വിഡിയോ കോൺഫറൻസ് വഴി ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. ഞായറാഴ്ച വൈകീട്ട് മഹാബുബ്നഗറിൽ നടക്കുന്ന പൊതുജനറാലിയെയും മോദി അഭിസംബോധന ചെയ്യും.
''തെലങ്കാനയിലെ ജനം ബി.ആർ.എസിന്റെ മോശം ഭരണത്തിൽ മടുത്തിരിക്കുകയാണ്. അവർക്ക് കോൺഗ്രസിനെയും വിശ്വാസമില്ല. ബി.ആർ.എസും കോൺഗ്രസും ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യമില്ലാത്ത രാജവംശ പാർട്ടികളാണ്.''-എന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു.
തെലങ്കാനയിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദർശനം. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാതെ ഒഴിഞ്ഞുമാറുന്ന കെ.സി.ആറിനെതിരെ കേന്ദ്ര ടൂറിസം മന്ത്രിയും തെലങ്കാനയിലെ ബി.ജെ.പി പ്രസിഡന്റുമായ ജി. കിഷൻ റെഡ്ഡി രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.