'വീട്ടിൽ ത്രിശൂലം സൂക്ഷിക്കുക'; വിവാദ പ്രസ്താവനയുമായി ബംഗാൾ ബി.ജെ.പി നേതാവ്

കൊൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയങ്ങളിൽ തൃണമൂൽ കോൺഗ്രസിൽനിന്ന് സ്വയരക്ഷക്കായി വീടുകളിൽ ത്രിശൂലം സൂക്ഷിക്കണമെന്ന് പശ്ചിമ ബംഗാൾ ബി.ജെ.പി നേതാവ്. തൃണമൂൽ പ്രവർത്തകർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയങ്ങളിൽ അക്രമകാരികളാകുമെന്നും ബി.ജെ.പി പ്രവർത്തകരെ സംരക്ഷിക്കാൻ സ്ത്രീകൾ വീടുകളിൽ ത്രിശൂലം സൂക്ഷിക്കണമെന്നും മുതിർന്ന നേതാവ് രാജു ബന്ദോപാധ്യായ ആഹ്വാനം ചെയ്തു.

കൊൽക്കത്ത നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് നടന്ന ജഗധാത്രി പൂജാ പരിപാടിക്കിടെയാണ് നേതാവിന്‍റെ വിവാദ പരാമർശം. ചടങ്ങിൽ പങ്കെടുത്ത ബി.ജെ.പി എം.പി ദിലീപ് ഘോഷ് നേതാവിനെ പ്രസ്താവനക്ക് കൈയടിക്കുന്നത് വിഡിയോയിൽ കാണാനാകും. 'പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ബോംബും ബുള്ളറ്റും ഉപയോഗിക്കും. സ്വയരക്ഷയ്ക്കായി നമ്മളെന്ത് ചെയ്യും? നമ്മെത്തന്നെ സംരക്ഷിക്കാനാണ് ദുർഗ്ഗ ദേവി ത്രിശൂലം തന്നത്' -ബന്ദോപാധ്യായ പറഞ്ഞു.

എല്ലാ അമ്മമാരും സഹോദരിമാരും സ്വയം സംരക്ഷിക്കാൻ വീട്ടിൽ ത്രിശൂലങ്ങൾ സൂക്ഷിക്കണം, കാരണം പശ്ചിമ ബംഗാളിലെ സ്ഥിതി ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.എം.സി എം.എൽ.എ തപസ് റോയ് വിവാദ പ്രസ്താവനക്കെതിരെ രംഗത്തെത്തി. നേതാവിന്‍റെ പരാമർശം ശരിയല്ലെന്നും ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീടുകളിൽ ത്രിശൂലവും മറ്റു വസ്തുക്കളും സൂക്ഷിക്കാനാണ് നേതാക്കൾ പ്രവർത്തകരോട് പറയുന്നത്.

ബംഗാളിലെ ആരോഗ്യകരമായ രാഷ്ട്രീയത്തെയും സമാധാനത്തെയും ക്രമസമാധാനത്തെയും ഇത് ബാധിക്കും. ഒരു വശത്ത് ബംഗാളിലെ സമാധാനത്തെക്കുറിച്ച് അവർ സംസാരിക്കുന്നു, അതോടൊപ്പം പ്രകോപനപരമായ പ്രസ്താവനകൾ തുടരുകയാണെന്നും തപസ് റോയ് കുറ്റപ്പെടുത്തി.

Tags:    
News Summary - "Keep Trishuls At Home": Bengal BJP Leader's Election Self-Defence Tip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.