ന്യൂഡൽഹി: എം.എൽ.എമാർക്ക് കോടികൾ വാഗ്ദാനംചെയ്ത് കുതിരക്കച്ചവടത്തിന് ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെ വിശ്വാസ വോട്ടെടുപ്പ് നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 70 അംഗ ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാർട്ടിക്ക് 62 എം.എൽ.എമാരാണുള്ളത്. ശനിയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പിൽ 54 എം.എൽ.എമാർ പങ്കെടുത്തു. ആരും കൂറുമാറിയില്ല.
മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുൻ മന്ത്രി സത്യേന്ദ്ര ജെയ്ൻ എന്നിവർ ജയിലിലായതിനാൽ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാനായില്ല. അസുഖവും ഡൽഹിയിൽ ഇല്ലാത്തതുമാണ് മറ്റുള്ളവർ സഭയിൽ എത്താതിരിക്കാൻ കാരണമെന്ന് കെജ്രിവാൾ പറഞ്ഞു. പാര്‍ട്ടി വിടുന്ന ഓരോ എം.എല്‍.എക്കും 25 കോടി രൂപ വാഗ്ദാനം നല്‍കിയെന്ന് നിയമസഭയിൽ വെള്ളിയാഴ്ച വിശ്വാസ വോട്ടെടുപ്പ് പ്രമേയം അവതരിപ്പിച്ച് കെജ്രിവാൾ പറഞ്ഞിരുന്നു.
ബി.ജെ.പിക്ക് ആം ആദ്മി പാർട്ടി വലിയ ഭീഷണിയാണെന്നും അതുകൊണ്ടാണ് അവർ സർവമേഖലയിൽനിന്നും പാർട്ടിയെ ആക്രമിക്കുന്നതെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി. തന്നെ അറസ്റ്റ് ചെയ്താൽ പാർട്ടി ഇല്ലാതാകുമെന്നാണ് ബി.ജെ.പി കരുതുന്നത്. എന്നാൽ, തന്റെ ആശയം എങ്ങനെ ഇല്ലാതാകുമെന്ന് കെജ്രിവാൾ ചോദിച്ചു.
സേവനവകുപ്പിന്റെയും ബ്യൂറോക്രസിയുടെയും നിയന്ത്രണം കൈക്കലാക്കി അവർ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ്. രാമഭക്തരാണെന്ന് അവർ അവകാശപ്പെടുന്നു. പക്ഷേ, നമ്മുടെ ആശുപത്രികളിൽ പാവപ്പെട്ട ആളുകൾക്കുള്ള മരുന്നുകൾ നിർത്തി. ദരിദ്രർക്ക് മരുന്ന് നിർത്താൻ രാമൻ ആവശ്യപ്പെട്ടോ എന്നും കെജ്രിവാൾ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.