കേരളത്തിലെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ച് വിവരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി; ‘കർശന നടപടി സ്വീകരിക്കും’

ന്യൂ‍ഡൽഹി: കേരളത്തിൽ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച് വിശദാംശങ്ങൾ കൈവശമുണ്ടെന്നും കേന്ദ്രസർക്കാർ ഇതിൽ കർശനനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിലെ എൻ.ഡി.എ സ്ഥാനാർഥിയായ ഡോ. ടി.എൻ.സരസുവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എൻ.ഡി.എയുടെ വനിതാ സ്ഥാനാർഥികളെ ഫോണിൽ വിളിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതി​െൻറ ഭാ​ഗമായിട്ടാണ് ടി.എൻ. ‌‌സരസുവിനെ മോദി വിളിച്ചത്. ഇതിനിടെയാണ് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ച് സരസു, പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തിയതും അദ്ദേഹം മറുപടി നൽകിയതും. ഒരു സ്ഥാനാർഥി എന്ന നിലയിൽ ഇത്തരം ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് മോദി അറിയിച്ചതായി സരസു പറയുന്നു.

ഇതിനിടെ, പാലക്കാട് വിക്ടോറിയ കോളജിൽ പ്രിൻസിപ്പലായിരിക്കെ നേരിട്ട വിഷയങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രചാരണത്തി​െൻറ മറ്റു കാര്യങ്ങളെക്കുറിച്ചും സരസുവിനോട് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. വിക്ടേ‍ാറിയ കോളജിൽ സരവു പ്രിൻസിപ്പലായിരിക്കെ 2016 മാർച്ചിൽ വിരമിക്കുന്ന സമയത്ത്, എസ്.എഫ്.ഐ പ്രവർത്തകർ കേ‍ാളജ് മുറ്റത്തു കുഴിമാടം നിർമിച്ചു യാത്രയയപ്പു നൽകിയ സംഭവം വിവാദമായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുവന്നൂർ ഉൾപ്പെടെ സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളിൽ ഇഡി പിടിമുറുക്കുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. സഹകരണ രംഗത്തെ അഴിമതി വലിയ ചർച്ചയായി വീണ്ടും ഉയർത്തിക്കൊണ്ടുവരാനാണ് ബി.​ജെ.പിയുടെ നീക്കം.


Tags:    
News Summary - Kerala co-bank 'scam': PM Modi assure Prof TN Sarasu strict action against those involved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.