‘കേരളം മിനി പാകിസ്താൻ, പ്രിയങ്കക്ക് വോട്ടുചെയ്തത് കേരളത്തിലെ തീവ്രവാദികൾ’ -വിജയരാഘവന്റെ വാക്കുകൾ ഏറ്റുപിടിച്ച് ബി.ജെ.പി നേതാവ് നിതേഷ് റാണെ

മുംബൈ: സി.പി.എം നേതാവ് എ. വിജയരാഘവന്റെ വിവാദ പ്രസ്താവന ഏറ്റുപിടിച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും വിദ്വേഷ പ്രാസംഗികനുമായ നിതേഷ് റാണെ. കേരളത്തിനെതിരെ അധിക്ഷേപവുമായാണ് മഹാരാഷ്ട്ര മന്ത്രി കൂടിയായ റാണെ രംഗത്തുവന്നത്. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് കേരളത്തിലെ തീവ്രവാദികൾ മാത്രമാണെന്നും കേരളം മിനി പാകിസ്താനാണെന്നും റാണെ ആരോപിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് അതിനാലാണെന്നും ഇന്നലെ പുണെയിൽ നടന്ന പൊതുയോഗത്തിൽ റാണെ പറഞ്ഞു.

നിരന്തരം വിദ്വേഷ, പ്രകോപന പ്രസംഗങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധനാണ് റാണെ. അദ്ദേഹം പരിപാടിയിൽ പ​ങ്കെടുക്കു​ന്നുണ്ടെങ്കിൽ പ്രകോപന പ്രസ്താവന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര പൊലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെയാണ് കേരളത്തെ അടച്ചാക്ഷേപിച്ചത്. ‘കേരളം ഒരു മിനി പാകിസ്താനാണ്. അതിനാലാണ് രാഹുൽ ഗാന്ധിയും സഹോദരിയും അവിടെ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. പാർലമെൻറ് അംഗങ്ങളാകാൻ തീവ്രവാദികൾ അവർക്ക് വോട്ട് ചെയ്യുന്നു’ -നിതേഷ് റാണെ പറഞ്ഞു.

പ്രിയങ്കയും രാഹുലും ജയിച്ചതിനെ കുറിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ എ. വിജയരാഘവനും സമാന പരാമർശം നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ​ഗാന്ധി വയനാട്ടിൽനിന്ന് ജയിച്ചത് മുസ്‍ലിം വർ​ഗീയ ചേരിയുടെ പിന്തുണയോടെയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പ്രിയങ്കയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർ​ഗീയതയിലെ മോശപ്പെട്ട ഘടകങ്ങളും തീവ്രവാദ ഘടകങ്ങളും വർ​ഗീയ ഘടകങ്ങളും ഉണ്ടായിരുന്നുവെന്നും എന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ വർഗീയ പരാമർശങ്ങൾ.

മുമ്പും വിദ്വേഷ പ്രസ്താവനകൾ നടത്തിയയാളാണ് നിതേഷ് റാണെ. ഈ വർഷം നവംബർ രണ്ടിന് മുസ്‍ലിംകളോടുള്ള നിലപാടിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ‘രാജ്യത്തെ 90% ജനങ്ങളും ഹിന്ദുക്കളാണ്, ഹിന്ദുക്കളുടെ താൽപ്പര്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നത് കുറ്റകരമല്ല. ഹിന്ദു ആഘോഷവേളയിൽ ബംഗ്ലാദേശികൾ കല്ലേറ് നടത്തുകയാണ്. ഇതിനെതിരെ ശബ്ദമുയർത്തുന്നതിന് കേസെടുത്താൽ അത് നേരിടാൻ ഞാൻ തയ്യാറാണ്’ -എന്നായിരുന്നു മറുപടി.

പള്ളിയിൽ കയറി ആളുകളെ കൊല്ലുമെന്നും പരസ്യപ്രസ്താവന നടത്തിയിരുന്നു. വെറും 24 മണിക്കൂർ അവധി നൽകിയാൽ, തന്റെ ശക്തി തെളിയിക്കുമെന്ന് 2024 സെപ്തംബറിൽ സംഗോളിയിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചു. വിദ്വേഷ പ്രസംഗം നടത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - 'Kerala Is Mini Pakistan': Nitesh Rane's Controversial Comment on Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.